ഇറാഖിലെ യുഎസ് സൈനികരുടെ ലൊക്കേഷനും വിവരങ്ങളും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അബദ്ധത്തില്‍ പുറത്തുവിട്ടു. ഇറാഖില്‍ കഴിഞ്ഞ ദിവസം ട്രംപ് അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയിരുന്നു. നേവി സീലുകള്‍ക്കൊപ്പം നില്‍ക്കുന്ന വീഡിയോയാണ് ട്രംപ് പോസ്റ്റ് ചെയ്തത്. അതീവരഹസ്യമാക്കി വച്ചിരുന്ന സ്പെഷല്‍ ഓപ്പറേഷന്‍ ടീമിന്റെ വിന്യാസവും പരസ്യമാക്കി.
സീല്‍ ടീം ഫൈവ് അംഗങ്ങളായ സൈനികരോടൊപ്പമുള്ള ഫോട്ടോകളാണ് പുറത്തുവിട്ടത് ഇവരുടെ മുഖങ്ങള്‍ ബ്ലര്‍ ചെയ്യുകയോ മറയ്ക്കുകയോ ചെയ്യാത്തത് ഗുരുതരമായ പിഴവാണ് എന്ന് ന്യൂസ് വീക്ക് റിപ്പോര്‍ട്ട് പറയുന്നു. കമാന്‍ഡര്‍ ഇന്‍ ചീഫ് ആയ പ്രസിഡന്റിന് വിവരങ്ങള്‍ പുറത്തു വിടാനുള്ള അധികാരമുണ്ടെന്നും എന്നാല്‍ ഔദ്യോഗിക ഫോട്ടോകളിലും വീഡിയോകളിലും മുഖങ്ങള്‍ ബ്ലര്‍ ചെയ്യുന്നതാണ് രീതിയെന്നും പ്രതിരോധ വകുപ്പ് ന്യൂസ് വീക്കിനോട് പറഞ്ഞു.
മറ്റ് മുന്‍ പ്രസിഡന്റുമാരെ പോലെ ഇറാഖ് അടക്കം വിദേശ രാജ്യങ്ങളിലുള്ള യുഎസ് സൈനികരെ സന്ദര്‍ശിക്കാന്‍ ട്രംപ് പോകാതിരിക്കുന്നതില്‍ വലിയ വിമര്‍ശനമുയര്‍ന്നിരുന്നു. പ്രസിഡന്റായി ചുമതലയേറ്റ് രണ്ട് വര്‍ഷമാകുമ്പോളാണ് ട്രംപ് ഇറാഖിലെത്തുന്നത്. യുഎസ് സൈന്യത്തെ ഇറാഖില്‍ നിന്ന് പിന്‍വലിക്കാന്‍ ഉദ്ദേശമില്ലെന്നാണ് ട്രംപ് പറഞ്ഞത്.
സിറിയയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാനുള്ള ട്രംപിന്റെ തീരുമാനത്തിനെതിരെ യുഎസില്‍ പ്രതിഷേധമുയര്‍ന്നിരുന്നു. ഈ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ജിം മാറ്റിസ് പ്രതിരോധ സെക്രട്ടറി സ്ഥാനം രാജി വച്ചത്. ഭാര്യ മെലാനിയയ്ക്കും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടനുമൊപ്പം ഡിസംബര്‍ 26നാണ് ട്രംപ് ഇറാഖിലെ അല്‍ അസദ് വ്യോമസേന താവളത്തിലെത്തിയത്.
Discussion about this post