ടെക്‌സസ് സ്‌കൂളില്‍ 18കാരന്റെ വെടിവെയ്പ്പ് : 19 വിദ്യാര്‍ഥികളടക്കം 21 പേര്‍ കൊല്ലപ്പെട്ടു

ടെക്‌സസ് : അമേരിക്കയില്‍ സ്‌കൂളുകളിലെ വെടിവെയ്പ്പുകള്‍ തുടര്‍ക്കഥയാകുന്നു. ചൊവ്വാഴ്ച ടെക്‌സസിലെ എലമെന്ററി സ്‌കൂളിലുണ്ടായ വെടിവെയ്പ്പില്‍ 19 വിദ്യാര്‍ഥികളടക്കം 21 പേര്‍ കൊല്ലപ്പെട്ടു. സാന്‍ അന്റോണിയോ സ്വദേശിയായ 18 വയസ്സുകാരന്‍ സാല്‍വദോര്‍ റമോസാണ് അക്രമം നടത്തിയത്. ഏറ്റുമുട്ടലില്‍ ഇയാളും കൊല്ലപ്പെട്ടതായാണ് വിവരം.

യുവാള്‍ഡിയിലെ റോബ് എലമെന്ററി സ്‌കൂളിലായിരുന്നു ആക്രമണം. 2,3,4 ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികളാണ് കൊല്ലപ്പെട്ടത്. അക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായി പോലീസ് അറിയിച്ചു. ഇതില്‍ ഒരു അറുപത്തിയാറുകാരിയുടെയും പത്ത് വയസ്സുകാരിയുടെയും നില ഗുരുതരമാണ്. ആക്രമണത്തില്‍ രണ്ട് അധ്യാപികമാരും കൊല്ലപ്പെട്ടിട്ടുണ്ട്.600 കുട്ടികള്‍ മാത്രം പഠിക്കുന്ന ചെറിയ സ്‌കൂളാണ് റോബ് എലമെന്ററി. വേനലവധിക്ക് മുമ്പുള്ള അവസാന ക്ലാസ്സുകളാണ് സ്‌കൂളില്‍ നടന്നിരുന്നത്.

അക്രമി ഒറ്റയ്ക്കാണ്‌ ആക്രമണം നടത്തിയതെന്നാണ് പ്രാഥമികാന്വേഷണത്തില്‍ തെളിഞ്ഞിരിക്കുന്നത്. മുത്തശ്ശിയെ കൊലപ്പെടുത്തിയ ശേഷമാണ് ഇയാള്‍ സ്‌കൂളിലെത്തി വെടിവെയ്പ്പ് നടത്തിയതെന്നും റിപ്പോര്‍ട്ടുണ്ട്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.

സംഭവത്തില്‍ ദുഖം രേഖപ്പെടുത്തിയ പ്രസിഡന്റ് ജോ ബൈഡന്‍ അമേരിക്കയില്‍ മാത്രമാണ് ഇത്രയധികം വെടിവെയ്പ്പുകള്‍ ഉണ്ടാകുന്നതെന്നും ഇത്തരം വെടിവെയ്പ്പുകള്‍ക്കെതിരെ പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും അറിയിച്ചു.

Exit mobile version