പ്യോങ്യാങ് : ഒരാഴ്ചയ്ക്കിടെ ഇരുപത് ലക്ഷത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും കോവിഡ് വെറും പനി എന്ന കാഴ്ചപ്പാട് ഉത്തരകൊറിയക്കാര്‍ ഉപേക്ഷിച്ചിട്ടില്ലെന്ന് സൂചന. കേസുകള്‍ ക്രമാതീതമായി വര്‍ധിക്കുമ്പോഴും പാരമ്പര്യ ചികിത്സകള്‍ കൊണ്ട് കോവിഡിനെ പിടിച്ചുകെട്ടാനാണ് സര്‍ക്കാരിന്റെ ശ്രമം.
കോവിഡിനെ തുരത്താന്‍ ചുക്ക് കാപ്പി അടക്കമുള്ള പൊടിക്കൈകള്‍ പരീക്ഷിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശിക്കുന്നത്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മാധ്യമങ്ങള്‍ വഴിയാണ് ഇത്തരം ചികിത്സാ രീതികള്‍ പിന്തുടരാനുള്ള ആഹ്വാനം. ശാരീരികാസ്വാസ്ഥ്യങ്ങള്‍ അധികമില്ലാത്തവര്‍ ഇഞ്ചിച്ചായയില്‍ തേന്‍ കലര്‍ത്തി കുടിക്കണമെന്നും ചുമയും തൊണ്ടവേദനയും ഉള്ളവര്‍ ഉപ്പ് വെള്ളം പിടിയ്ക്കണമെന്നും പനിയോ തലവേദനയോ ഉള്ള കോവിഡ് രോഗികള്‍ ഐബുപ്രൂഫിന്‍ അടക്കമുള്ള വേദനസംഹാരികള്‍ ഉപയോഗിക്കണമെന്നുമാണ് നിര്‍ദേശങ്ങള്‍.
North Korea fights Covid with tea and salt water https://t.co/7unHscTs5A
— BBC News (UK) (@BBCNews) May 20, 2022
ഇവ എത്രത്തോളം ഫലപ്രദമാണ് എന്നതിന്റെ തെളിവുകളൊന്നും സര്‍ക്കാരിന്റെ കൈവശമില്ലെങ്കിലും കോവിഡിനെ തുരത്താന്‍ ലോകമൊട്ടാകെ ഉപയോഗിച്ച മരുന്നുകളോ വാക്‌സീനുകളോ കിം സര്‍ക്കാരിന്റെ പക്കലില്ലെന്നത് വാസ്തവമാണ്. 2.5 കോടിയോളം വരുന്ന ജനസംഖ്യയില്‍ ആരും വാക്‌സീനെടുത്തിട്ടില്ല. അന്താരാഷ്ട്ര ഏജന്‍സികള്‍ വാക്‌സീന്‍ നല്‍കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടും ജനങ്ങള്‍ക്ക് കോവിഡ് വാക്‌സീന്‍ നല്‍കാന്‍ കിം ജോങ് ഉന്‍ വിസമ്മതിച്ചിരുന്നു.
2020ല്‍ കോവിഡ് വ്യാപനമുണ്ടായപ്പോള്‍ മുതല്‍ ഉത്തര കൊറിയ സ്വീകരിച്ചിട്ടുള്ള ഒരേയൊരു പ്രതിരോധ മാര്‍ഗം അതിര്‍ത്തികള്‍ പൂര്‍ണമായും അടച്ചിടുക എന്നത് മാത്രമാണ്. ചരക്ക് ഗതാഗതം പോലും ഈ കാലത്ത് നിരോധിക്കപ്പെട്ടിരുന്നു. നിലവിലെ സാഹചര്യത്തില്‍ വളരെ വലിയൊരു കോവിഡ് വ്യാപനത്തിന്റെ ഭീഷണിയിലാണ് രാജ്യം എന്ന മുന്നറിയിപ്പാണ് അന്താരാഷ്ട്ര ഏജന്‍സികള്‍ നല്‍കുന്നത്.
Discussion about this post