കീവ് : റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്ന തുറമുഖനഗരം മരിയുപോള്‍ കീഴടങ്ങി. ചെറുത്തുനില്‍പ്പിന്റെ സിരാകേന്ദ്രമായിരുന്ന അസോവ്‌സ്റ്റാള്‍ ഉരുക്ക് ഫാക്റ്ററിയും റഷ്യ പിടിച്ചതോടെ കീഴടങ്ങാതെ നിവൃത്തിയില്ലെന്ന് കണ്ട് പോരാട്ടം മതിയാക്കാന്‍ ഉക്രെയ്ന്‍ സര്‍ക്കാര്‍ സൈനികരോട് നിര്‍ദേശിക്കുകയായിരുന്നു.
മരിയുപോളില്‍ 264 സൈനികര്‍ ആയുധം വച്ച് കീഴടങ്ങിയതായി ഉക്രെയ്ന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതില്‍ 53 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിറ്റുണ്ട്. ഇവരെ റഷ്യന്‍ നിയന്ത്രണത്തിലുള്ള നൊവോയസോവ്‌സ്‌ക് പട്ടണത്തിലെ ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. റഷ്യയോട് കൂറുള്ള വിമതരുടെ നിയന്ത്രണത്തിലുള്ള ഒലെനിവ്ക പട്ടണത്തിലേക്ക് ബാക്കിയുള്ളവരെ മാറ്റി. ഫാക്ടറിയിൽ ഇനിയും സൈനികർ ശേഷിക്കുന്നുണ്ടെന്ന് യുക്രൈൻ ഡെപ്യൂട്ടി പ്രതിരോധ മന്ത്രി അന്ന മൽയർ പറഞ്ഞു.
Also read : മനുഷ്യാവകാശ കമ്മിഷന്‍ ‘അനാവശ്യം’ : പിരിച്ചു വിട്ട് താലിബാന്‍
2014ലെ റഷ്യന്‍ അധിനിവേശ വേളയില്‍ പ്രത്യേകം രൂപീകരിച്ച അസോവ് റെജിമെന്റാണ് അസോവ്റ്റസ്റ്റാളില്‍ പൊരുതിത്തോറ്റത്. ഇവര്‍ നാസികള്‍ക്ക് സമമാണെന്നാണ് റഷ്യയുടെ നിലപാട്. അതുകൊണ്ട് തന്നെ പിടിച്ചെടുത്ത സൈനികരോടുള്ള റഷ്യയുടെ സമീപനം ഉറ്റുനോക്കുകയാണ് ലോകം.