ടോക്കിയോ : അബദ്ധത്തില്‍ അക്കൗണ്ടിലെത്തിയ കോവിഡ് സഹായധനം ചൂത് കളിച്ച് കളഞ്ഞ് യുവാവ്. ജപ്പാനിലെ അബുവിലാണ് സംഭവം. 463 കുടുംബങ്ങള്‍ക്കുള്ള കോവിഡ് സഹായധനമാണ് യുവാവ് ഓണ്‍ലൈന്‍ ചൂതാട്ടത്തിന് വിനിയോഗിച്ചത്.
താഴ്ന്ന വരുമാനക്കാരായ 463 കുടുംബങ്ങള്‍ക്കായി ഭരണകൂടം ഏകദേശം രണ്ടരക്കോടിയോളം രൂപ വകയിരുത്തിയിരുന്നു. ഓരോ കുടുംബത്തിനും 10,000 യെന്‍ വീതമാണ് ലഭിയ്‌ക്കേണ്ടിയിരുന്നത്. ക്ലെറിക്കല്‍ പിശകിനെത്തുടര്‍ന്ന് ഈ തുക യുവാവിന്റെ അക്കൗണ്ടിലെത്തുകയായിരുന്നു.
അബദ്ധം തിരിച്ചറിഞ്ഞതോടെ അധികൃതര്‍ അന്വേഷണം ആരംഭിക്കുകയും യുവാവിനെ ബന്ധപ്പെടുകയും ചെയ്തു. ആദ്യം അന്വേഷണവുമായി സഹകരിക്കാമെന്നാണ് യുവാവ് അറിയിച്ചിരുന്നതെങ്കിലും പിന്നീട് ഇയാളെക്കുറിച്ച് ഉദ്യോഗസ്ഥര്‍ക്ക് യാതൊരു വിവരവും ലഭിച്ചില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ രണ്ടാഴ്ച തുടര്‍ച്ചയായി ഓരോ ദിവസവും 6,00,000 യെന്‍ വീതം യുവാവ് പിന്‍വലിക്കുന്നതായി കണ്ടെത്തി. ഒടുവില്‍ യുവാവിനെ ബന്ധപ്പെട്ടപ്പോള്‍ തന്റെ പക്കല്‍ പണമില്ലെന്നായി മറുപടി.
എന്നാല്‍ ഉദ്യോഗസ്ഥരുമായി സഹകരിക്കാമെന്നും പണം തിരിച്ച് തരാന്‍ കഴിയില്ലെങ്കിലും ഓടിപ്പോകില്ലെന്നും യുവാവ് അറിയിച്ചു. മെയ് 12ന് ഇയാള്‍ക്കെതിരെ ഭരണകൂടം കേസെടുത്തു. അതിന് ശേഷം നാളിതുവരെയും ഇയാളെപ്പറ്റി വിവരമൊന്നുമില്ല. സ്വന്തം ഫോണ്‍ ഉള്‍പ്പടെ വിറ്റാണ് യുവാവ് ചൂത് കളിച്ചിരുന്നതെന്ന് യുവാവിന്റെ അഭിഭാഷകന്‍ അറിയിച്ചതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്.
എന്തൊക്കെയായാലും 51മില്യണ്‍ യെന്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് അബു മുനിസിപ്പല്‍ ഗവണ്‍മെന്റ് ഇയാള്‍ക്കെതിരെ കേസ് കൊടുത്തിരിക്കുന്നത്. നഷ്ടപ്പെട്ട പണത്തിന് മാപ്പ് ചോദിക്കുന്നുവെന്നും പണം വീണ്ടെടുക്കാന്‍ ഏതറ്റം വരെയും പോകുമെന്നും മേയര്‍ നോറിഹികോ ഹനാഡ ജനങ്ങളെ അറിയിച്ചു.