ഉത്തര കൊറിയയില്‍ ‘പനി’ ബാധിച്ച് 21 മരണം

പ്യോങ്യാങ് : രാജ്യത്ത് ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തുവെന്ന ഔദ്യോഗിക പ്രഖ്യാപനത്തിന് പിന്നാലെ ഉത്തര കൊറിയയില്‍ പനി ബാധിച്ച് 21 മരണം. പനി കോവിഡ് ആണോ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. പനി ബാധിച്ച് മരിച്ച ഒരാളില്‍ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്.

1,74,440 പേര്‍ക്കാണ് വെള്ളിയാഴ്ച മാത്രം പനി സ്ഥിരീകരിച്ചത്. ഇതോടെ അസാധാരണ പനി സ്ഥിരീകരിച്ചവരുടെ എണ്ണം 5,24,440 ആയി. ആകെ 27 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ പനിയുടെ ലക്ഷണങ്ങളുമായെത്തിയ 2,42,630 പേര്‍ സുഖം പ്രാപിച്ചതായാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. 2,80,810 പേര്‍ ക്വാറന്റീനിലുണ്ട്. ഇതിലെത്ര പേര്‍ക്ക് കോവിഡ് ലക്ഷണങ്ങളുണ്ടെന്ന് സ്ഥിരീകരണമില്ല.

രാജ്യത്ത് ആദ്യമായി കോവിഡ് റിപ്പോര്‍ട്ട് ചെയ്തത് വ്യാഴാഴ്ചയാണെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍. ഇതേത്തുടര്‍ന്ന് രാജ്യമെങ്ങും ലോക്ഡൗണ്‍ കര്‍ശനമാക്കിയിരിക്കുകയാണ്. 2.5 കോടിയോളം വരുന്ന ജനസംഖ്യയില്‍ ആരും വാക്‌സീന്‍ എടുത്തിട്ടില്ലന്നാണ് വിവരം. ചൈനയുടെ സീറോ കോവിഡ് പോളിസി പിന്തുടരാന്‍ കിം ജോങ് ഉന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനിടെ പൊതുമധ്യത്തില്‍ ആദ്യമായി മാസ്‌ക് ധരിച്ച് പ്രത്യക്ഷപ്പെട്ട കിമ്മിന്റെ ചിത്രങ്ങളും പുറത്തു വന്നു.

Exit mobile version