ന്യൂഡല്‍ഹി : താലിബാന് ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖി അടക്കമുള്ള റോയിട്ടേഴ്സ് സംഘത്തിന് ഇത്തവണത്തെ പുലിസ്റ്റര്‍ പുരസ്കാരം. ഇന്ത്യയുടെ കോവിഡ് ചിത്രങ്ങള്‍ പകര്‍ത്തി ഫീച്ചര്‍ ഫോട്ടോഗ്രഫി വിഭാഗത്തിലാണ് സംഘം പുരസ്കാരം നേടിയിരിക്കുന്നത്. അദ്നാന് ആബിദി, സന്ന ഇര്‍ഷാദ് മട്ടു, അമിത് ദവെ എന്നിവരാണ് സംഘത്തിലെ മറ്റുള്ളവര്‍.
കോവിഡ് രണ്ടാം തരംഗത്തില്‍ ഡല്‍ഹിയില്‍ മൃതദേഹങ്ങള്‍ കൂട്ടമായി ദഹിപ്പിക്കുന്നതിന്റെ ചിത്രങ്ങള്‍ ലോകശ്രദ്ധ നേടിയിരുന്നു. ഇന്ത്യയിലെ കോവിഡ് സാഹചര്യത്തിന്റെ ഭീകരത തുറന്നു കാട്ടിയ ചിത്രം ഡാനിഷിന്റെ ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുത്തതായിരുന്നു. രോഹിംഗ്യന്‍ അഭയാര്‍ഥികളുടെ ദുരിതജീവിതം ക്യാമറയില്‍ പകര്‍ത്തിയതിന് 2018ലെ പുലിസ്റ്റര്‍ പുരസ്കാരവും ഡാനിഷിനെ തേടിയെത്തിയിട്ടുണ്ട്.
റോയിറ്റേഴ്സ് വാർത്താ ഏജൻസിയിൽ ഫോട്ടോഗ്രാഫറായി ജോലി ചെയ്തിരുന്ന ഡാനിഷ് സിദ്ദിഖി 2021 ജൂലൈ 16നാണ് കൊല്ലപ്പെടുന്നത്. അഫ്ഗാനില്‍ താലിബാന് അധികാരം പിടിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങള്‍ റിപ്പോർട്ട് ചെയ്യാനെത്തിയ രാജ്യാന്തര വാർത്ത ഏജൻസിയിലെ അംഗമായിരുന്നു ഡാനിഷ്. കാണ്ഡഹാറിലെ സ്പിൻ ബോൾഡക്കിൽ വച്ചാണ് സിദ്ദിഖിനെ ഭീകരർ പിടികൂടിയത്. മാധ്യമപ്രവര്‍ത്തകനാണെന്ന് അറിയാതെയാണ് ഡാനിഷിനെ കൊലപ്പെടുത്തിയതെന്നായിരുന്നു താലിബാന്റെ വിശദീകരണം.
ഡാനിഷ് സിദ്ദിഖിയുടെ മരണത്തിന് ഉത്തരവാദികളായ താലിബാൻ അംഗങ്ങളെ ശിക്ഷിക്കണമെന്ന് കാട്ടി അദ്ദേഹത്തിന്റെ മാതാപിതാക്കളായ ഷാഹിദ അക്തറും പ്രൊഫ. അക്തർ സിദ്ദിഖിയും രാജ്യാന്തര കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു.
Discussion about this post