കൊളംബോ : രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധം ശക്തമായി തുടരുന്നതിനിടെ ശ്രീലങ്കയില്‍ പ്രസിഡന്റ് ഗോട്ടബയ രജപക്‌സെ വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അഞ്ചാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. രാജ്യത്ത് ക്രമസമാധാനനില ഉറപ്പാക്കാനാണ് പ്രഖ്യാപനം എന്നാണ് ഔദ്യോഗിക വിശദീകരണം.
മാസങ്ങളായി തുടരുന്ന പ്രതിസന്ധിയില്‍ ക്ഷമ കെട്ട ജനം ദിവസങ്ങളായി തെരുവില്‍ പ്രതിഷേധിക്കുകയാണ്. ഇന്നലെ പാര്‍ലമെന്റിന് സമീപം വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ള പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. ട്രേഡ് യൂണിയനുകള്‍ സംയുക്തമായി നടത്തിയ പണിമുടക്കില്‍ ട്രെയിന്‍ സര്‍വീസുകള്‍ മുടങ്ങി. വിവിധ ഇടങ്ങളില്‍ ആളുകള്‍ പ്രതിഷേധസൂചകമായി കറുത്ത പതാക ഉയര്‍ത്തി. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ അടിച്ചമര്‍ത്താന്‍ സൈന്യത്തിന് പൂര്‍ണാധികാരം ലഭിക്കും.
രാജ്യമെങ്ങും പ്രതിഷേധം കൊടുമ്പിരി കൊള്ളുമ്പോഴും രാജി വയ്ക്കില്ലെന്നാണ് പ്രസിഡന്റ് ഗോട്ടബയ രജപക്‌സെയുടെ നിലപാട്. പ്രസിഡന്റിന്റെ ഓഫീസിന് മുന്നില്‍ പ്രതിഷേധക്കാര്‍ കഴിഞ്ഞ ഒരുമാസമായി തമ്പടിച്ചിരിക്കുകയാണ്.