വാഷിംഗ്ടണ്‍ : യുഎസില്‍ ഗര്‍ഭച്ഛിദ്രാവകാശം നിഷേധിക്കാനുള്ള സുപ്രീം കോടതി നീക്കം വ്യക്തമാക്കുന്ന കരട് രേഖ ചോര്‍ന്നു. വിഷയത്തില്‍ ജഡ്ജിമാരുടെ അഭിപ്രായമടങ്ങുന്ന രേഖ വാര്‍ത്താ മാധ്യമത്തിന് ചോര്‍ന്നു കിട്ടിയത് നിരവധി വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വഴി തുറന്നിട്ടുണ്ട്.
യുഎസില്‍ ഗര്‍ഭച്ഛിദ്രത്തിന് ഭരണഘടനാ പരിരക്ഷയും നിയമസാധുതയും നല്‍കിയ 1973ലെ റോ-വേഡ് കേസിലെ വിധി അസാധുവാക്കാനുള്ള നീക്കമാണ് സുപ്രീം കോടതി നടത്തുന്നതെന്നാണ് രേഖ വ്യക്തമാക്കുന്നത്. വിധി റദ്ദാക്കുന്നതിനെ 9 ജഡ്ജിമാരില്‍ ഭൂരിഭാഗവും അനുകൂലിക്കുന്നുണ്ട്. ഗര്‍ഭച്ഛിദ്രാവകാശം അസാധുവാക്കാന്‍ മിസ്സിസ്സിപ്പി സംസ്ഥാനം നല്‍കിയ ഹര്‍ജിയിലാണ് നിര്‍ണായക വിധി തീരുമാനിക്കുക. ഇതില്‍ കോടതിയുടെ അനുകൂല വിധി വന്നാല്‍ അബോര്‍ഷന്‍ നിര്‍ത്തലാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാം. ജൂണിലോ ജൂലൈയിലെ ഇതിന്റെ വിധി നിര്‍ണയിക്കുമെന്നാണ് കരുതുന്നത്.
ഗര്‍ഭസ്ഥാവകാശം കോടതി റദ്ദാക്കുകയും അത് പുനസ്ഥാപിക്കാനുള്ള ഫെഡറല്‍ നിയമത്തിന് രൂപം നല്‍കാതിരിക്കുകയും ചെയ്താല്‍ യുഎസിലെ 50 സംസ്ഥാനങ്ങളും പ്രത്യേക ഗര്‍ഭച്ഛിദ്ര നിയമം നടപ്പിലാക്കേണ്ടി വരും. അങ്ങനെ വന്നാല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ വനിതകള്‍ക്ക് അബോര്‍ഷനുള്ള അവകാശം നഷ്ടപ്പെട്ടേക്കാം. പതിമൂന്ന് സംസ്ഥാനങ്ങള്‍ ഇപ്പോള്‍ തന്നെ ഇതിനോടനുബന്ധിച്ചുള്ള ബില്ല് അവതരിപ്പിച്ചിട്ടുണ്ട്. കോടതി വിധി ഇവര്‍ക്കനുകൂലമായാല്‍ ഇവ പാസ്സാക്കപ്പെടും.
അവകാശം നിഷേധിച്ചുകൊണ്ടാണ് കോടതി വിധി എങ്കില്‍ ഏകദേശം മൂന്ന് കോടി സ്ത്രീകളെയാണ് ഇവ ബാധിക്കുക. അങ്ങനെയാണെങ്കില്‍ എല്ലാ രീതിയിലും സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ മുന്നിട്ടിറങ്ങുക തന്നെ ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഗര്‍ഭച്ഛിദ്രത്തെ അനുകൂലിക്കുന്ന നിലപാടാണ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടേത്. രേഖ ചോര്‍ന്നത് അന്വേഷിക്കാന്‍ ഉത്തരവിട്ട സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്ട്‌സ് സംഭവം വിവാദമായതോടെ, അത് സുപ്രീം കോടതിയുടെ അന്തിമ വിധിയല്ലെന്നും ജഡ്ജിമാരുടെ അഭിപ്രായം മാറാമെന്നും അറിയിച്ചിട്ടുണ്ട്.