യുഎസില്‍ വന്‍ ചുഴലിക്കാറ്റ് : നൂറോളം വീടുകള്‍ തകര്‍ന്നു, വൈദ്യുതിയില്ലാതെ ഏഴായിരത്തോളം പേര്‍

ടോപേക : യുഎസിലെ കാന്‍സാസില്‍ ആഞ്ഞടിച്ച് വന്‍ ചുഴലിക്കാറ്റ്. സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളില്‍ അഞ്ഞടിച്ച ചുഴലിക്കാറ്റ് കനത്ത നാശനഷ്ടമാണുണ്ടാക്കിയിരിക്കുന്നത്.

ഇതിനോടകം തന്നെ നൂറിലധികം കെട്ടിടങ്ങള്‍ തകരുകയും ഏഴായിരത്തോളം പേര്‍ക്ക് വൈദ്യുതി ബന്ധം നിലയ്ക്കുകയും ചെയ്തിട്ടുണ്ട്. കാറ്റ് കെട്ടിടങ്ങളെയും മറ്റും ചുഴിയില്‍ പെടുത്തുന്നതും ഇതിന്റെ ശക്തിയില്‍ അന്തരീക്ഷത്തില്‍ അവശിഷ്ടങ്ങള്‍ ചിതറിത്തെറിക്കുന്നതുമൊക്കെ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങളില്‍ കാണാം. വീടുകളുടെ മേല്‍ക്കൂരയുള്‍പ്പടെ തെറിച്ച് പോകുന്ന ഭയാനകമായ ദൃശ്യങ്ങളാണ് മിക്കതും.

വിചിറ്റ സിറ്റിയിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായിരിക്കുന്നത്. ഇവിടെ വീടുകള്‍ ചുഴലിക്കാറ്റില്‍ കൂട്ടമായി നശിച്ചു. സിറ്റിയുടെ പ്രാന്തപ്രദേശമായ ആന്‍ഡ്രോവറിലും കനത്ത നാശനഷ്ടങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇവിടെ 1991ലുണ്ടായ ചുഴലിക്കാറ്റിന് ശേഷം ഇതാദ്യമായാണ് നാശം വിതയ്ക്കുന്ന രീതിയില്‍ കാറ്റ് വീശുന്നത്. അന്നത്തെ ചുഴലിക്കാറ്റ് ദുരന്തത്തിന്റെ 31ാം വാര്‍ഷിക ദിനത്തിലാണ് ഭീതി വിതച്ച് വീണ്ടും കാറ്റ് ആഞ്ഞ് വീശിയത്.

ചെറിയ പരിക്കുകളല്ലാതെ ചുഴലിക്കാറ്റില്‍ ഇതുവരെ ഗുരുതരമായി ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. കാറ്റിന്റെ ശക്തിയില്‍ തകര്‍ന്ന വൈദ്യുതി ലൈനുകള്‍ അപകടമുണ്ടാക്കിയേക്കാം എന്നതിനാല്‍ കാറ്റ് നാശം വിതച്ച മേഖലകളില്‍ നിന്ന് മാറി നില്‍ക്കാന്‍ അധികൃതര്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

ഇന്നും നാളെയുമായി ടെക്‌സസ് സംസ്ഥാനത്തും കൊടുങ്കാറ്റ് ആഞ്ഞടിച്ചേക്കാമെന്നാണ് സൂചന. ന്യൂ മെക്‌സിക്കോ, കൊളറാഡോ, ഒക്ക്‌ലഹോമ തുടങ്ങിയ മേഖലകളും ഭീഷണിയിലാണ്.

Exit mobile version