അടുക്കളയും വീട്ടിലെ പണിയും പെണ്ണുങ്ങൾക്ക് മാത്രമാണെന്ന് പറയുന്ന ധാരണകളെ പൊളിച്ചു എഴുതുന്ന ഒരു അമ്മായിയപ്പന്റെ നിലപാടാണ് ഇന്ന് സോഷ്യൽ മീഡിയ കൈ അടിക്കുന്നത്. മരുമകൾ ആയ ഡോ. രൺജൻ തന്നെയാണ് അമ്മായിയച്ഛന്റെ പേരന്റിങ്ങിന്റെ വീഡിയോ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.
വലിയ സൂപ്പർ പവർ ഒന്നും കാണിച്ചുകൊണ്ടല്ല നന്മയുടെ പാഠം ആ മുത്തച്ഛൻ കൊച്ചു മകനു പകർന്നു നൽകുന്നത്. ചെയ്യാൻ വളരെയെളുപ്പമെന്നും പെണ്ണുങ്ങളുടെ മാത്രം ജോലിയെന്നും ചിലർ എഴുതിത്തള്ളിയ ജോലികൾ കൂളായി ചെയ്തു കൊണ്ടാണ് മുത്തച്ഛൻ മാതൃകയാകുന്നത്. വീട്ടിലുള്ള എല്ലാ ജോലികളും ഈ മുത്തച്ഛൻ ചെയ്യുന്നുമുണ്ട്.
കുടുംബത്തിൽ ലിംഗവിവേചനമില്ലെന്നും ഒരു ജോലിയും പെണ്ണിനു മാത്രമായി ഇല്ലെന്നും തന്റെ പ്രവൃത്തികളിലൂടെയാണ് കാണിച്ചു കൊടുക്കുന്നത്. സ്യൂട്ടിന്റെ ബട്ടൺ തയ്ക്കുന്നതു മുതൽ വീടും പരിസരവും തൂത്തു തുടച്ചു വൃത്തിയാക്കുന്ന ജോലി വരെ ഈ മുത്തച്ഛൻ തനിച്ച് ചെയ്യുന്നുണ്ട്. വീട്ടുജോലികൾ ചെയ്യാൻ മാത്രമല്ല കൊച്ചു മകനൊപ്പം വിനോദങ്ങളിലേർപ്പെടാനും അദ്ദേഹം സമയം കണ്ടെത്തുന്നുണ്ട്.
തന്റെ അമ്മായിയച്ഛന് തയ്യൽ അറിയാമെന്ന് കഴിഞ്ഞാഴ്ചയാണ് തനിക്ക് മനസ്സിലായതെന്നും തന്റെ മകന് അവന്റെ മുത്തച്ഛനേക്കാൾ മികച്ച റോൾ മോഡലിനെ ലഭിക്കില്ലെന്നും പറഞ്ഞുകൊണ്ടാണ് കുട്ടിയുടെ അമ്മയും ഡോക്ടറുമായ യുവതി വിഡിയോ പങ്കുവച്ചത്.
ദ് വിക്കഡ് വെജിറ്റേറിയൻ എന്ന ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ച വിഡിയോ നിരവധിയാളുകളുടെ ഹൃദയം കവർന്നു. സോഷ്യൽ മീഡിയ ഒന്നടങ്കം അഭിനന്ദിക്കുകയാണ് ഈ മുത്തച്ഛനെ.