റോം : കുട്ടികളുടെ പേരിനൊപ്പം അച്ഛന്റെ പേര് ചേര്‍ക്കുന്നതാണ് പൊതുവേ കണ്ടു വരുന്ന രീതി. കുട്ടിയില്‍ അച്ഛനൊപ്പം തന്നെ അമ്മയ്ക്കും അവകാശമുണ്ടെങ്കിലും അമ്മയുടെ പേര് കുട്ടികളുടെ പേരിനൊപ്പം ചേര്‍ക്കാന്‍ പാട്രിയാര്‍ക്കി അനുവദിക്കാറില്ല. ഇപ്പോഴിതാ എഴുതപ്പെടാത്ത ഈ നിയമത്തിന് വിലക്കിട്ടിരിക്കുകയാണ് ഇറ്റലി.
കുഞ്ഞുങ്ങളുടെ പേരിനൊപ്പം അച്ഛന്റെയും അമ്മയുടെയും പേര് ചേര്‍ക്കണമെന്നും അല്ലാത്തത് ഭരണഘടനാ വിരുദ്ധമാണെന്നുമാണ് ഇറ്റലിയുടെ പരമോന്നത കോടതിയുടെ ഉത്തരവ്. മാതാപിതാക്കള്‍ക്ക് കുട്ടിയുടെ കാര്യത്തില്‍ തുല്യ അവകാശവും ഉത്തരവാദിത്വവുമാണുള്ളതെന്ന് ചൂണ്ടിക്കാട്ടിയ കോടതി കുട്ടിയുടെ പേരിനൊപ്പം പിതാവിന്റെ പേരോ കുടുംബപ്പേരോ മാത്രം ചേര്‍ക്കുന്നത് വിവേചനപരവും കുട്ടിയുടെ ഐഡന്റിറ്റിയെ ബാധിക്കുന്നതുമായ കാര്യമാണെന്നും വ്യക്തമാക്കി. പേരിനൊപ്പം രണ്ട് പേരുടെയും കുടുംബപ്പേര് ചേര്‍ക്കുകയോ രണ്ട് പേരും ചേര്‍ന്ന് ഒരു പേര് തിരഞ്ഞെടുക്കുകയോ ചെയ്യാം. ഇതുവരെ അമ്മയുടെ പേര് മാത്രമായി കുഞ്ഞിന്റെ പേരിനൊപ്പം ചേര്‍ക്കാന്‍ ഇറ്റലിയില്‍ നിയമപരമായി അനുവാദമുണ്ടായിരുന്നില്ല. ഫ്രാന്‍സ്, ജര്‍മനി, സ്‌പെയിന്‍ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിയമം പ്രാബല്യത്തിലുണ്ട്.
തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ച കുടുംബ മന്ത്രി എലീന ബൊനെറ്റി, ഈ നടപടിക്രമം സർക്കാർ പൂർണമായി പിന്തുണയ്ക്കുമെന്നും ഒരു കുഞ്ഞിനെ വളർത്തുന്നതിലും പരിപാലിക്കുന്നതിലും മാതാപിതാക്കൾക്ക് തുല്യ കടമയാണെന്നും അറിയിച്ചു.