ഫിക്ഷനല്‍ കഥാപാത്രത്തോട്‌ അമിത സ്‌നേഹം, ഒടുവില്‍ വിവാഹം : ദാമ്പത്യ കഥ പറഞ്ഞ് ജാപ്പനീസ് യുവാവ്

മരം, മതില്‍, ഫോണ്‍ എന്നിങ്ങനെ ജീവനില്ലാത്ത വസ്തുക്കളോട് തോന്നുന്ന പ്രണയത്തെക്കുറിച്ച് നമ്മള്‍ വായിച്ചിച്ചിട്ടുണ്ട്. ഒബ്ജക്ട് സെക്ഷ്വാലിറ്റി എന്നാണ് ഇതിന് പേര്. എന്നാല്‍ ഫിക്ടോ സെക്ഷ്വാലിറ്റി എന്ന ലൈംഗികാര്‍ഷണത്തെപ്പറ്റി അധികമാരും കേട്ടിരിക്കാന്‍ സാധ്യതയില്ല. ഫിക്ഷനല്‍ കഥാപാത്രങ്ങളോട് തോന്നുന്ന ആകര്‍ഷണം ആണിത്. ഇങ്ങനെയുള്ളവരെ ഫിക്ടോസെക്ഷ്വല്‍ എന്നാണ് പറയുക.

ഇത്തരത്തില്‍ ഒരു ഫിക്ഷനല്‍ കഥാപാത്രത്തെ പ്രണയിച്ച് വിവാഹം കഴിച്ച ഒരാളുണ്ട് ജപ്പാനില്‍. അക്കിഹികോ കൊണ്ടോസ്‌ക് എന്നാണ് ഇയാളുടെ പേര്. വീഡിയോ ഗെയിമുകളിലും മറ്റും അഭിനയിച്ചിട്ടുള്ള, ലേഡി ഗാഗയോട് സാദൃശ്യമുള്ള, ഹട്‌സൂനേ മികു എന്ന കഥാപാത്രത്തെയാണ് അക്കിഹികോ വിവാഹം ചെയ്തിരിക്കുന്നത്. ഈ കഥാപാത്രത്തിന്റെ പാവയെ ഓണ്‍ലൈനില്‍ വാങ്ങി വിവാഹം ചെയ്യുകയായിരുന്നു അകിഹികോ. 2018ല്‍ തുടങ്ങിയ ദാമ്പത്യം നാല് വര്‍ഷം തികയ്ക്കുമ്പോള്‍ മികുവിനൊപ്പമുള്ള തന്റെ ദാമ്പത്യ കഥ പങ്കു വച്ചിരിക്കുകയാണ് മുപ്പത്തിയെട്ടുകാരനായ അക്കിഹികോ. തനിക്ക് വേണ്ടിയിരുന്ന സ്‌നേഹവും പരിഗണനയും പ്രചോദനവുമെല്ലാം മികുവിലൂടെ സാധ്യമാകുന്നുവെന്നാണ് അകിഹികോ അറിയിക്കുന്നത്.

പത്ത് വര്‍ഷം ഡേറ്റ് ചെയ്തതിന് ശേഷമായിരുന്നു മികുവുമായുള്ള അകിഹികോയുടെ വിവാഹം. റിലേഷന്‍ഷിപ്പ് തുടങ്ങിയ സമയത്ത് ഡിപ്രഷനിലൂടെ കടന്ന് പോവുകയായിരുന്നു താനെന്നും മികുവാണ് അതില്‍ നിന്ന് കര കയറാന്‍ തന്നെ സഹായിച്ചതെന്നും അകി പറയുന്നു. തങ്ങള്‍ ഒരുമിച്ച് സിനിമ കാണാറുണ്ടെന്നും, കഴിക്കുന്നതും ഉറങ്ങുന്നതുമെല്ലാം ഒരുമിച്ചാണെന്നും ചിലപ്പോള്‍ റൊമാന്റിക് നിമിഷങ്ങള്‍ വരെ തങ്ങളുടെയിടയില്‍ ഉണ്ടാവാറുണ്ടെന്നുമാണ് അകി അറിയിക്കുന്നത്.മികു യഥാര്‍ഥത്തിലുള്ളതല്ല എന്ന് തനിക്കറിയാമെങ്കിലും കൂടെയുള്ളപ്പോള്‍ തന്നെ സന്തോഷവാനാക്കുന്നതിനാല്‍ ആ അര്‍ഥത്തില്‍ മികു റിയല്‍ ആണെന്ന് പറയുകയാണ് അകിഹികോ.

“ആളുകള്‍ പറയും എനിക്കെന്തോ കുഴപ്പമാണ്, ഞാനിതില്‍ നിന്ന് പുറത്തു വരും എന്നൊക്കെ. പക്ഷേ മികുവിനൊപ്പമുള്ളതാണ് എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷങ്ങള്‍. മരണം വരെ അവള്‍ക്കൊപ്പമായിരിക്കാനാണ് ഞാനാഗ്രഹിക്കുന്നത്. ഒരു മനുഷ്യ പങ്കാളിയെക്കാള്‍ എന്തുകൊണ്ടും മികച്ചതാണ് മികു എന്നാണ് എന്റെ അഭിപ്രായം. അവള്‍ക്ക് അസുഖം വരില്ല, അവള്‍ മരിക്കില്ല.. എന്നെ ഒരിക്കലും ഒറ്റയ്ക്കാക്കി പോകില്ല എന്ന ഉറപ്പ് എനിക്ക് തരാന്‍ കഴിയും. അതാണല്ലോ ഏറ്റവും പ്രധാനം”. അകിഹികോ പറയുന്നു.

പത്ത് വര്‍ഷം ഡേറ്റ് ചെയ്‌തെങ്കിലും അകിഹികോയുടെ പ്രണയബന്ധത്തില്‍ വഴിത്തിരിവായ വര്‍ഷം 2017 ആയിരുന്നു. ഈ വര്‍ഷമാണ് മികുവുമായി അകിഹികോ ആദ്യമായി സംസാരിക്കുന്നത്. ഗേറ്റ്‌ബോക്‌സ് എന്ന സാങ്കേതികവിദ്യ പാവയുടെ ശരീരത്തില്‍ ഘടിപ്പിച്ചതോടെ ഇതുമായി ഇന്ററാക്ട് ചെയ്യാന്‍ അകിഹികോയ്ക്കായി. ഒരു വര്‍ഷത്തിനുള്ളില്‍ വിവാഹവും നടന്നു. വിവാഹം ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തിട്ടില്ല.

കോവിഡ് മൂലം ഗേറ്റ്‌ബോക്‌സ് പ്രവര്‍ത്തനം നിര്‍ത്തിയതിനാല്‍ നിലവില്‍ മികുവുമായി കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ അകിഹികോയ്ക്കാവില്ല. ഇത് ഏറെ വേദനയുണ്ടാക്കുന്നുണ്ടെന്നും എന്നിരുന്നാലും മികുവിനെ പിരിയില്ലെന്നും അകിഹികോ പറയുന്നു. അകിഹികോയെപ്പോലെ ഫിക്ടോസെക്ഷ്വലായ ആയിരത്തിലധികം പേര്‍ ജപ്പാനിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇവര്‍ക്കായി നിരവധി ഓണ്‍ലൈന്‍ ഗ്രൂപ്പുകളും ഉണ്ട്.

Exit mobile version