മോസ്‌കോ : വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചുവെന്നാരോപിച്ച് ടെക് ഭീമന്‍ ഗൂഗിളിന് പിഴയിട്ട് റഷ്യ. 11 മില്യണ്‍ റൂബിള്‍ (10,701,225.84 രൂപ- 1.37 ലക്ഷം ഡോളര്‍) ആണ് പിഴ. ഉക്രെയ്ന്‍ അധിനിവേശം സംബന്ധിച്ച വിവരങ്ങളും യൂട്യൂബില്‍ തീവ്രവലതു പക്ഷ സംഘങ്ങള്‍ പോസ്റ്റ് ചെയ്ത വീഡിയോകളും നീക്കാത്തതിനെതിരെയാണ് റഷ്യയുടെ നടപടിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
യൂട്യൂബിലൂടെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിന് ഗൂഗിളിനെതിരെ നടപടിയെടുക്കുമെന്ന് ഈ മാസമാദ്യം റഷ്യയുടെ മാധ്യമ നിരീക്ഷണ സംവിധാനമായ റോസ്‌കോംനഡ്‌സോര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. മുന്നറിയിപ്പ് കണക്കിലെടുത്തില്ലെങ്കില്‍ പിഴ അടയ്‌ക്കേണ്ടി വരുമെന്നും റഷ്യന്‍ അധികൃതര്‍ യുഎസ് കമ്പനിയായ ഗൂഗിളിനെ അറിയിച്ചിരുന്നു.
റഷ്യന്‍ നിയമങ്ങള്‍ അനുസരിക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് മോസ്‌കോയിലെ ടഗാന്‍സ്‌കി ഡിസ്ട്രിക്ട് കോടതി പിഴയിട്ടത്. മറ്റ് രണ്ട് കേസുകളില്‍ കൂടി ഗൂഗിള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതായി കോടതി അറിയിച്ചിട്ടുണ്ട്. ഇവ രണ്ടിലും നാലും ഏഴും മില്യണ്‍ റൂബിള്‍ വീതമാണ് പിഴ. സംഭവത്തോട് ഗൂഗിള്‍ പ്രതികരിച്ചിട്ടില്ല.
Discussion about this post