മണ്ണിടിച്ചില്‍ വീടിനെ കവര്‍ന്നു, ഫ്രിഡ്ജിനുള്ളില്‍ കയറിയിരുന്ന് കുഞ്ഞ്; 20 മണിക്കൂറിന് ശേഷം അത്ഭുതരക്ഷ, വൈറല്‍

ഫിലിപ്പീന്‍സ്: അപ്രതീക്ഷിതമായുണ്ടായ മണ്ണിടിച്ചിലില്‍ ഫ്രിഡ്ജിനുള്ളില്‍ കയറിയിരുന്ന് രക്ഷപ്പെട്ട കുഞ്ഞിന്റെ സാഹസിക രക്ഷപ്പെടല്‍ വൈറല്‍. ചുറ്റും എന്താണ് സംഭവിക്കുന്നതെന്ന് പോലും തിരിച്ചറിയാനാവാതെ ചെയ്ത ആ സാഹസം പക്ഷേ അവന്റെ ജീവന്‍ രക്ഷിച്ചു.

വെള്ളിയാഴ്ച ഫിലിപ്പീന്‍സിലെ ബേബേ സിറ്റിയിലായിരുന്നു സംഭവം. തന്റെ ഗ്രാമത്തില്‍ മണ്ണിടിച്ചിലുണ്ടായപ്പോള്‍ മറ്റുള്ള കുട്ടികളെ പോലെ കുടുംബത്തോടൊപ്പം അവനും വീട്ടിലായിരുന്നു. പെട്ടെന്നാണ് കാലാവസ്ഥ മാറിയതും നനഞ്ഞ മണ്ണും പാറകളും അവരുടെ വീട്ടില്‍ നിറഞ്ഞതും. ഇതോടെ രക്ഷപ്പെടാനാണ് കുട്ടി ഫ്രിഡ്ജിനുള്ളില്‍ കയറിയത്.

ഫ്രിഡ്ജില്‍ അടച്ചുപൂട്ടിയ അവന്‍ അടുത്ത 20 മണിക്കൂര്‍ അവിടെ കുടുങ്ങി. ഭാഗ്യവശാല്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ കുട്ടിയെ കണ്ടു. ഉടന്‍ കോസ്റ്റ്ഗാര്‍ഡ് എത്തി. സംഭവസ്ഥലത്ത് നിന്ന് അവനെ സുരക്ഷിത സ്ഥാനത്തേക്ക് എത്തിച്ചു. അവന്റെ കാല് ഒടിഞ്ഞിരുന്നുവെങ്കിലും ബോധം നഷ്ടപ്പെട്ടിരുന്നില്ല, കുട്ടിയുടെ രക്ഷപ്പെടലിനെ അത്ഭുതത്തോടെയാണ് എല്ലാവരും കണ്ടത്.

‘എനിക്ക് വിശക്കുന്നു,’ രക്ഷപ്പെടുത്തിയതിന് ശേഷം അവന്‍ ആദ്യമായി പറഞ്ഞ വാക്കുകളിതായിരുന്നു. ബേബേ സിറ്റി ഫയര്‍ സ്റ്റേഷന്‍ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഈ കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. പിന്നീട് അവന്‍ അന്വേഷിച്ചത് വീട്ടുകാരെയായിരുന്നു. അവരില്‍ അവന്‍ മാത്രമേ അവശേഷിക്കുന്നു എന്ന സത്യവും വേദനയോടെ അവര്‍ അവനോട് പറഞ്ഞു.

കുട്ടി ഇപ്പോള്‍ ഹോസ്പിറ്റലില്‍ സുഖം പ്രാപിച്ചുവരുന്നു. അവന്റെ ശരീരത്തില്‍ ഒന്നിലധികം ഒടിവുകള്‍ ഉണ്ടായിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ട്.

Exit mobile version