കാമുകിയുടെ ഫേസ്ബുക്ക് സെല്‍ഫി പാരയായി : കുപ്രസിദ്ധ ലഹരി കടത്തുകാരന്‍ പിടിയില്‍

മെക്‌സിക്കോ : ലഹരികടത്തില്‍ പോലീസ് അന്വേഷിച്ചു നടന്ന കുപ്രസിദ്ധ കുറ്റവാളി കാമുകിയുടെ കയ്യബദ്ധത്തില്‍ പിടിയിലായി. ഇരുന്നൂറോളം രാജ്യങ്ങളില്‍ ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസ് നിലനില്‍ക്കുന്ന മെക്‌സിക്കന്‍ ലഹരിക്കടത്തുകാരന്‍ എല്‍ പിറ്റ് എന്നറിയപ്പെടുന്ന ബ്രയാന്‍ ഡൊണാസിയാനോ ഓര്‍ഗ്വിന്‍ വെര്‍ഡുഗോ(39) ആണ് അറസ്റ്റിലായത്.

കൊളംബിയയിലെ കാലി നഗരത്തിലുള്ള ആഡംബര അപ്പാര്‍ട്ട്‌മെന്റില്‍ കാമുകിയുമൊത്ത് കഴിയുമ്പോഴായിരുന്നു അറസ്റ്റ്. കാലി നഗരത്തില്‍ സ്ഥിതി ചെയ്യുന്ന യേശുക്രിസ്തുവിന്റെ പ്രതിമയ്ക്ക് മുന്നില്‍ വെച്ച് ഫോട്ടോ എടുക്കാന്‍ മോഡല്‍ കൂടിയായ കാമുകി ആവശ്യപ്പെട്ടതനുസരിച്ച് പിറ്റ് സെല്‍ഫി എടുക്കുകയും ഉടന്‍ തന്നെ കാമുകി അത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഈ ഫോട്ടോയാണ് അറസ്റ്റിലേക്ക് നയിച്ചത്. തന്നെ പിടികൂടാനെത്തിയ പോലീസിന് കൈക്കൂലി കൊടുക്കാനും പിറ്റ് ശ്രമിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മെക്‌സിക്കന്‍ ലഹരിമരുന്ന് മാഫിയാ തലവന്‍ ജോക്വിന്‍ ഗുസ്മാന്റെ അടുത്ത അനുയായി ആണ് എല്‍ പിറ്റ്. മെക്‌സിക്കോയിലേക്കും അമേരിക്കയിലേക്കുമുള്ള ഒരു വലിയ കൊക്കെയ്ന്‍ കയറ്റുമതിയുടെ ഗുണനിലവാരം ചര്‍ച്ചചെയ്യാനും മറ്റുമായി നടത്തിയ യാത്രയ്ക്കിടെ ഇയാള്‍ കാലിയിലുള്ള കാമുകിയെ സന്ദര്‍ശിക്കുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ എല്‍ പിറ്റ് രാജ്യത്ത് പ്രവേശിച്ചതായി യുഎസ് ഡ്രഗ് ആന്‍ഡ് എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സി കൊളംബിയന്‍ അധികൃതരെ അറിയിച്ചത് പ്രകാരം ഇയാള്‍ക്കായി തിരച്ചില്‍ നടത്തി വരികയായിരുന്നു പോലീസ്.

Exit mobile version