വാഷിംഗ്ടണ്‍ : ജനപ്രിയ സമൂഹമാധ്യമമായ ട്വിറ്ററിന് വിലയിട്ടതിന് പിന്നാലെ സ്വന്തമായി വീടില്ലെന്ന് വെളിപ്പെടുത്തി ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന്‍ ഇലോണ്‍ മസ്‌ക്. ടെഡിന്റെ ക്രിസ് ആന്‍ഡേഴ്‌സണുമായി നടത്തിയ അഭിമുഖത്തില്‍ അതിസമ്പന്നരുടെ വരവ് ചിലവ് കണക്കുകളെ പറ്റിയുള്ള ചോദ്യത്തിനായിരുന്നു മസ്‌കിന്റെ വെളിപ്പെടുത്തല്‍.
“എനിക്കിപ്പോള്‍ സ്വന്തമായി ഒരു സ്ഥലമില്ല. ടെസ്ലയുടെ എഞ്ചിനീയറിംഗ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ബേ ഏരിയയിലേക്ക് പോകുമ്പോള്‍ കൂട്ടുകാരുടെ വീടുകളിലായാണ് താമസിക്കുക. എല്ലാവരും കരുതുന്നത് പോലെ ബോട്ടോ ആഡംബരക്കപ്പലോ എനിക്കില്ല, ഉല്ലാസയാത്രകളോട് താല്പര്യമില്ല എന്നതാണ് സത്യം. എന്റെ വ്യക്തിപരമായ താല്പര്യങ്ങള്‍ക്ക് വേണ്ടി പണം ചിലവഴിച്ചാല്‍ അത് വലിയ പ്രശ്‌നമുണ്ടാക്കും. എന്ന് കരുതി ആവശ്യങ്ങള്‍ നിറവേറ്റാതിരിക്കാന്‍ കഴിയില്ലല്ലോ. വിമാനത്തിന്റെ കാര്യത്തിലാണ് ഞാനൊരുപാട് പണം ചിലവഴിച്ചത്. പക്ഷേ അതില്ലാതെ ജോലി ചെയ്യാന്‍ കഴിയില്ല”. മസ്‌ക് പറഞ്ഞു.
തന്റെ ഔദ്യോഗിക വസതി സ്‌പേസ്എക്‌സില്‍ നിന്ന് വാടകയ്‌ക്കെടുത്ത കെട്ടിടമാണെന്ന് കഴിഞ്ഞ വര്‍ഷം മസ്‌ക് ട്വീറ്റ് ചെയ്തിരുന്നു. അതേ ട്വീറ്റില്‍ തന്നെ ചടങ്ങുകള്‍ക്കും മറ്റുമായി മറ്റൊരു വീടുണ്ടെന്നും പറഞ്ഞു. ഫോര്‍ബ്‌സിന്റെ അതിസമ്പന്നരുടെ പട്ടികയില്‍ മുന്നിലാണ് ടെസ്ല ഉടമയായ ഇലോണ്‍ മസ്‌ക്. നിലവില്‍ ട്വിറ്ററിന്റെ 9.1 ശതമാനം ഓഹരിയുള്ള മസ്‌ക് മുഴുവന്‍ ഓഹരികളും വാങ്ങി കമ്പനിയുടെ പൂര്‍ണ അവകാശം സ്വന്തമാക്കാനുള്ള നീക്കത്തിലാണ്. കമ്പനിയെ ഏറ്റെടുത്ത് മാറ്റം കൊണ്ടുവരികയാണ് ലക്ഷ്യമെന്നാണ് മസ്‌കിന്റെ വിശദീകരണം. എന്നാല്‍ മസ്‌കിന്റെ ഭീഷണിക്ക് വഴങ്ങില്ലെന്നാണ് മറ്റ് ഓഹരി ഉടമകളുടെ നിലപാട്. മസ്‌കിന്റെ ഓഹരി വിഹിതം ക്രമേണ കുറയ്ക്കുകയും ഏറ്റെടുക്കല്‍ ചെലവേറിയതാക്കുകയും ചെയ്യാനുള്ള നീക്കത്തിലാണിവര്‍.
Discussion about this post