ഫീനിക്സ് : പൂച്ചകളും പട്ടികളുമുള്‍പ്പടെ 183 മൃഗങ്ങളെ ജീവനോടെ ഫ്രീസറിനുള്ളില്‍ അടുക്കിയ സംഭവത്തില്‍ യുവാവ് പിടിയില്‍. യുഎസിലെ അരിസോണ സ്വദേശിയായ മൈക്കല്‍ പാട്രിക് ടര്‍ലന്‍ഡ് (43) ആണ് അറസ്റ്റിലായത്. മൃഗസംരക്ഷണ വകുപ്പ് പ്രകാരമാണ് അറസ്റ്റ്.
പ്രദേശവാസിയായ സ്ത്രീയില്‍ നിന്ന് ലഭിച്ച പരാതിയെത്തുടര്‍ന്നാണ് പോലീസ് മൈക്കിളിനെതിരെ അന്വേഷണമാരംഭിച്ചത്. യുവതി വളര്‍ത്തിയിരുന്ന രണ്ട് പാമ്പുകളെ ബ്രീഡിങ്ങിനായി ഇയാളുടെ കയ്യില്‍ ഏല്‍പ്പിച്ചിരുന്നു. എന്നാല്‍ നാളുകള്‍ കഴിഞ്ഞിട്ടും പാമ്പുകളെ തിരികെ നല്കാന് ഇയാള്‍ തയ്യാറായില്ല. കുറച്ച് നാളുകള്‍ക്ക് മുമ്പ് ഇയാള്‍ വീടുപേക്ഷിച്ച് പോവുകയും ചെയ്തതോടെ യുവതി വീടിന്റെ ഉടമയെ ബന്ധപ്പെട്ടു. ഇയാള്‍ മറ്റൊരിടത്തേക്ക് ഭാര്യയുമായി മടങ്ങിയതായി വിവരം ലഭിച്ചു. തുടര്‍ന്ന് വീട് വൃത്തിയാക്കാനെത്തിയ ഉടമയാണ് ഫ്രീസറില്‍ മൃഗങ്ങളെ കണ്ടെത്തിയത്.
പട്ടികള്‍, പൂച്ചകള്‍, പക്ഷികള്‍, എലി, മുയല് തുടങ്ങി 183ഓളം മൃഗങ്ങളാണ് ഫ്രീസറിനുള്ളില്‍ ഉണ്ടായിരുന്നത്. കൂട്ടത്തില്‍ യുവതിയുടെ പാമ്പുകളെയും കണ്ടെത്തി. ഇതിന് ശേഷം രണ്ട് ദിവസത്തിനുള്ളില്‍ മൈക്കിള്‍ മടങ്ങിയെത്തുകയും പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാള്‍ മൃഗങ്ങളെ ഫ്രീസറില്‍ ജീവനോടെ അടുക്കിയതിന്റെ കാരണം വ്യക്തമല്ല. ഇയാളുടെ ഭാര്യ ബ്രൂക്ക്ലിനായി പോലീസ് തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. ദുരൂഹ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
ഫ്രീസറിനുള്ളിലെ കാഴ്ച ഹൃദയം തകര്‍ക്കുന്നതായിരുന്നുവെന്നാണ് മൈക്കിളിനെ അറസ്റ്റ് ചെയ്ത ഷെരീഫ് കൗണ്ടി ഓഫീസ് വക്താവ് അനീറ്റ മോര്‍ട്ടെസന്‍ അറിയിച്ചിരിക്കുന്നത്. മൃഗങ്ങളുടെ ഫോട്ടോ റിലീസ് ചെയ്യാന്‍ കഴിയാത്തത്ര വിധം ദാരുണമായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Discussion about this post