അറ്റ്‌ലാന്‍ഡ : മുത്തശ്ശിയെ ജീവനോടെ ഫ്രീസറിനുള്ളിലാക്കി കൊന്ന കേസില്‍ യുഎസിലെ ജോര്‍ജിയയില്‍ ഇരുപത്തിയൊമ്പതുകാരന്‍ അറസ്റ്റിലായി. 82കാരിയായ ഡോറിസ് കമ്മിങ്ങിനെ പേരക്കുട്ടിയായ റോബര്‍ട്ട് കെയ്ത് ടിഞ്ചര്‍ ആണ് ഫ്രീസറിനുള്ളിലാക്കി കൊന്നത്.
വീഴ്ചയില്‍ ഗുരുതരമായി പരിക്കേറ്റ ഡോറിസിനെ ആശുപത്രിയിലെത്തിക്കുന്നതിന് പകരം റോബര്‍ട്ട് ഫ്രീസറിനുള്ളില്‍ തിരുകിക്കയറ്റുകയായിരുന്നു. ഫ്രീസറിലെത്തിക്കാന്‍ മുറിയിലൂടെ വലിച്ചിഴച്ച് കൊണ്ടുപോകുന്നതിനിടെ ഇവരുടെ എല്ലുകളുള്‍പ്പടെ നുറുങ്ങി. ഈ അവസ്ഥയിലാണ് ഡോറിസിനെ വലിയ പ്ലാസ്റ്റിക് ബാഗിനുള്ളിലാക്കി റോബര്‍ട്ട് ഫ്രീസറില്‍ വച്ചത്. ശേഷം മാസങ്ങളോളം ഇതേ വീട്ടില്‍ താമസിക്കുകയും ചെയ്തു.
വലിച്ചുകൊണ്ടുപോകുന്നതിനിടെ എല്ലുകള്‍ നുറുങ്ങുന്ന ശബ്ദം കേട്ടെന്നും ഫ്രീസറില്‍ വയ്ക്കുന്നതിന് മുമ്പ് ഡോറിസ് ശ്വാസമെടുക്കുന്നത് കണ്ടിരുന്നുവെന്നും റോബര്‍ട്ട് പോലീസിനെ അറിയിച്ചിട്ടുണ്ട്. മുമ്പ് ഭാര്യയെ ഭീഷണിപ്പടുത്തിയ കേസില്‍ അറസ്റ്റ് വാറണ്ട് ഉള്ളതിനാലാണ് വിവരം പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യാതിരുന്നതെന്നും ഡോറിസിനോട് പ്രതിക്ക് മറ്റ് വൈരാഗ്യങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നും പോലീസ് പറഞ്ഞു.
അതേ സമയം താന്‍ കുടുംബത്തില്‍ ഏറ്റവും കൂടുതല്‍ സ്‌നേഹിച്ചിരുന്നത് മുത്തശ്ശിയെ ആണെന്നാണ് റോബര്‍ട്ട് പോലീസിനോട് പറഞ്ഞത്. തനിക്ക് വേണ്ട പരിഗണനയും സ്‌നേഹവും തന്നിരുന്നത് മുത്തശ്ശി മാത്രമായിരുന്നുവെന്നും മറ്റാരും ഇത്രയധികം തന്നെ സ്‌നേഹിച്ചിട്ടില്ലെന്നും റോബര്‍ട്ട് പറഞ്ഞതായി പോലീസ് അറിയിച്ചു.
Discussion about this post