‘ഇവരെങ്കിലും രക്ഷപെട്ടാലോ’ : കുഞ്ഞുങ്ങളുടെ ശരീരത്തില്‍ പേരുവിവരങ്ങള്‍ എഴുതി മരണം കാത്ത് ഉക്രെയ്ന്‍ അമ്മമാര്‍

ഉക്രെയ്‌നില്‍ റഷ്യ ‘പ്രത്യേക സൈനിക നടപടിയെന്ന് ‘ വിശേഷിപ്പിക്കുന്ന യുദ്ധം തുടങ്ങിയിട്ട് ഒരു മാസവും പത്ത് ദിവസവും പിന്നിട്ടു. രാജ്യത്തിന്റെ സമ്പത്തും സൗന്ദര്യവും ആത്മാവും ആയിരത്തിലധികം വരുന്ന അതിലെ ജനങ്ങളുമെല്ലാം നഷ്ടപ്പെട്ടിട്ടും വിട്ട് കൊടുക്കാതെ പോരാടുകയാണ് ഓരോ ഉക്രെയ്ന്‍കാരും.

റഷ്യയുടെ ക്രൂരതകള്‍ കൃത്യമായി വരച്ച് കാട്ടുന്ന എത്രയെത്ര സംഭവങ്ങളാണ് ഉക്രെയ്‌നില്‍ ദിവസേന ലോകം കാണുന്നത്. ഒരു രാജ്യത്തിന്റെ സ്വത്വം അപ്പാടെ നശിപ്പിച്ചിട്ടും മതിയാകാതെ അവിടുത്തെ സ്ത്രീകളിലേക്കും കുട്ടികളിലേക്കും വരെ ആക്രമണങ്ങള്‍ കടുപ്പിച്ചിരിക്കുകയാണ് പുടിന്‍.

ആക്രമണത്തില്‍ പിടിച്ചെടുത്ത പ്രദേശങ്ങളിലെ സ്ത്രീകളെ ലൈംഗിക അടിമകളാക്കിയും കുട്ടികളെ മനുഷ്യകവചമാക്കിയും റഷ്യന്‍ സൈനികര്‍ ഉപയോഗിക്കുകയാണെന്ന് നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടുണ്ട്. ആരാണ് എപ്പോഴാണ് കൊല്ലപ്പെടുന്നതെന്നോ പിടിക്കപ്പെടുന്നതെന്നോ പറയുക അസാധ്യമായിരിക്കുന്ന അവസ്ഥയാണ് നിലവില്‍ ഉക്രെയ്‌നില്‍.

ഇപ്പോഴിതാ ഉക്രെയ്‌നില്‍ നിന്ന് പ്രചരിക്കുന്ന ഹൃദയഭേദകമായ കുറച്ച് ചിത്രങ്ങളാണ് ലോകത്തെയാകെ കണ്ണീരിലാഴ്ത്തുന്നത്. രണ്ട് വയസ്സ് മാത്രം പ്രായം തോന്നിക്കുന്ന കുട്ടിയുടെ ശരീരത്തില്‍ പേരും വിലാസങ്ങളും എഴുതിയിരിക്കുന്നതാണ് ചിത്രം. യുദ്ധത്തില്‍ തങ്ങള്‍ കൊല്ലപ്പെടുകയോ കുട്ടികള്‍ രക്ഷപെടുകയോ ചെയ്താല്‍ അവരെ തിരിച്ചറിയുന്നതിനും അവരെ ആരെങ്കിലും സഹായിക്കുന്നതിനും വേണ്ടി കുഞ്ഞുങ്ങളുടെ ശരീരത്തില്‍ പേരും വിലാസവും എഴുതി മരണം പ്രതീക്ഷിച്ച് കഴിയുകയാണ് ഉക്രെയ്ന്‍ അമ്മമാരെന്നാണ് ഉക്രെയ്‌നിയന്‍ മാധ്യമപ്രവര്‍ത്തക അനസ്താസിയ ലാപാറ്റിന ചിത്രം പങ്ക് വച്ചുകൊണ്ട് ട്വിറ്ററിലൂടെ അറിയിച്ചത്.

റഷ്യയുടെ ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കും ഉപരോധം ഏര്‍പ്പെടുത്താനുള്ള യൂറോപ്യന്‍ യൂണിയന്റെ തീരുമാനത്തെ പരിഹസിച്ചുകൊണ്ട് യൂറോപ്പ് ഇപ്പോഴും ഗ്യാസിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നുവെന്നും അവര്‍ ട്വിറ്ററില്‍ കുറിച്ചു.

റഷ്യ വംശഹത്യ നടത്തുകയാണെന്ന ഉക്രെയ്‌നിയന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ സെലെന്‍സ്‌കിയുടെ ആരോപണത്തിന് പിന്നാലെയാണ് ചിത്രങ്ങള്‍ പുറത്തു വന്നത്. ഉക്രെയ്‌നിയന്‍ തലസ്ഥാനമായ കീവിന് പുറത്തുള്ള ബൂച്ചയില്‍ കുട്ടികളുള്‍പ്പെടെ നൂറുകണക്കിന് ആളുകളെ കൂട്ടത്തോടെ കുഴിച്ച് മൂടിയ വലിയ പ്രദേശം കണ്ടെത്തിയിരുന്നു. ഇത് കൂടാതെ നോവി ബൈകീവ് എന്ന സ്ഥലത്ത് കുട്ടികളെ വലിയ ഒരു ബസില്‍ സൈനികരുടെ ടാങ്കറുകള്‍ക്ക് മുന്നിലായി നിര്‍ത്തിയിരുന്നുവെന്ന് ദി ഗാര്‍ഡിയനും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സാധാരണക്കാരിലേക്ക് ആക്രമണമുണ്ടാകില്ലെന്ന് റഷ്യ ആവര്‍ത്തിച്ച് പറയുമ്പോഴും യുദ്ധത്തില്‍ കൊല്ലപ്പെടുന്നതും സര്‍വവും നഷ്ടപ്പെടുന്നതും സാധാരണക്കാരായ ജനങ്ങള്‍ക്കാണെന്നത് നേരില്‍ക്കാണാവുന്ന വസ്തുതയാണ്. യുദ്ധത്തില്‍ ഇതുവരെ 136 കുട്ടികള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകള്‍. ഇതില്‍ 64പേരും തലസ്ഥാനമായ കീവിലാണ് കൊല്ലപ്പെട്ടിരിക്കുന്നത്‌.

Exit mobile version