ബെയ്ജിങ് : ചൈനയില്‍ വീണ്ടും പിടിമുറുക്കി കോവിഡ്. കഴിഞ്ഞ 24 മണിക്കൂറില്‍ 16,412 കേസുകളാണ് രാജ്യത്ത് രേഖപ്പെടുത്തിയത്. 2020ല്‍ മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് ശേഷം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന കണക്കാണിത്.
ഇരുപത്തിയേഴിലധികം പ്രവിശ്യകളില്‍ നിലവില്‍ പുതിയ കേസുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗവും തീവ്രവ്യാപനശേഷിയുള്ള ഒമിക്രോണ്‍ വകഭേദമാണ്. കേസുകള്‍ വര്‍ധിച്ചതോടെ വീണ്ടും കടുത്ത നിയന്ത്രണങ്ങളിലേക്കോ സമ്പൂര്‍ണ ലോക്ക്ഡൗണിലേക്കോ രാജ്യം കടക്കുമെന്നാണ് സൂചന.
നിലവിലെ രോഗവ്യാപനത്തിന്റെ പ്രധാന ഉറവിടമെന്ന് കണക്കാക്കുന്ന ഷാങ്ഹായില്‍ രണ്ട് ദിവസത്തേക്ക് കൂടി ലോക്ക്ഡൗണ്‍ നീട്ടിയിരിക്കുകയാണ്. രണ്ട് കോടിയിലധികം വരുന്ന ഇവിടുത്തെ ജനങ്ങളില്‍ എല്ലാവരെയും തന്നെ കോവിഡ് ടെസ്റ്റിന് വിധേയമാക്കി. ഈ ടെസ്റ്റുകളുടെ ഫലത്തെ സംബന്ധിച്ചുള്ള അവലോകന യോഗവും ഉടന്‍ തന്നെ ഭരണകൂടം നടത്തുമെന്നാണ് സൂചന. തിങ്കളാഴ്ച ലക്ഷണങ്ങളില്ലാതെ 8,581 കേസുകളും ലക്ഷണങ്ങളോട് കൂടി 425 കേസുകളുമാണ് ഷാങ്ഹായില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തത്. മാര്‍ച്ച് 28നേര്‍പ്പെടുത്തിയ ലോക്ഡൗണ്‍ എപ്പോള്‍ നീക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.
ചൈനയുടെ വാണിജ്യ തലസ്ഥാനമാണ് ഷാങ്ഹായ്. അതുകൊണ്ട് തന്നെ രാജ്യത്തെ ദൈനംദിന ജീവിതത്തെയും വ്യവസായങ്ങളെയും നഗരത്തിലെ ലോക്ക്ഡൗണ്‍ കാര്യമായി ബാധിച്ചിട്ടുണ്ട്. ഇപ്പോള്‍ ആരോഗ്യപ്രവര്‍ത്തകരുടെയും വൊളണ്ടിയര്‍മാരുടെയും നേതൃത്വത്തില്‍ അവശ്യസാധനങ്ങള്‍ വിതരണം ചെയ്യുകയാണ് നഗരത്തില്‍.
പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി(പിഎല്‍എ) നഗരത്തില്‍ വിന്യസിച്ചിട്ടുള്ള 38000 ആരോഗ്യപ്രവര്‍ത്തകരെ കൂടാതെ കരസേന, നാവികസേന, എന്നിവിടങ്ങളില്‍ നിന്ന് രണ്ടായിരത്തിലധികം മെഡിക്കല്‍ ഉദ്യോഗസ്ഥരും നഗരത്തിലെത്തിയിട്ടുണ്ട്. 2019ന്റെ അവസാനത്തില്‍ ചൈനയില്‍ കോവിഡ് പൊട്ടിപ്പുറപ്പെട്ടതിന് ശേഷം നടപ്പിലാക്കിയ ഏറ്റവും വലിയ പ്രതിരോധ നടപടിയാണിത്. ഷാങ്ഹായില്‍ സ്ഥിരീകരിച്ച കോവിഡ് കേസുകളില്‍ ഭൂരിഭാഗവും ലക്ഷണങ്ങളോട് കൂടിയതല്ലാത്തതിനാല്‍ ഇതും ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.