കാലിഫോര്‍ണിയയുടെ തലസ്ഥാന നഗരത്തില്‍ വെടിവെയ്പ്പ് : ആറ് മരണം, പന്ത്രണ്ട് പേര്‍ക്ക് പരിക്ക്

സാക്രമെന്റോ : കാലിഫോര്‍ണിയയുടെ തലസ്ഥാനനഗരമായ സാക്രമെന്റോയില്‍ വെടിവയ്പ്പിനെത്തുടര്‍ന്ന് ആറ് മരണം. നഗരത്തിലെ ടെന്‍ത് ആന്‍ഡ് ജെ സ്ട്രീറ്റില്‍ ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു ആക്രമണം.

ആക്രമണത്തില്‍ പന്ത്രണ്ടോളം പേര്‍ക്ക് പരിക്കേറ്റിറ്റുണ്ട്. മൂന്ന് സ്ത്രീകളും മൂന്ന് പുരുഷന്മാരുമാണ് കൊല്ലപ്പെട്ടത്. അക്രമി ആരാണെന്നോ ആക്രമണത്തിന്റെ കാരണമെന്തെന്നോ അടക്കമുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ആക്രമണത്തെത്തുടര്‍ന്ന് നഗരത്തില്‍ പോലീസ് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. നഗരത്തിന്റെ പ്രധാനപ്പെട്ട പല ഭാഗങ്ങളും അടച്ചു. ആക്രമണം നടന്ന വിവരം ട്വിറ്ററിലൂടെയാണ് പുറംലോകമറിഞ്ഞത്. തുടര്‍ന്ന് സാക്രമെന്റോ മേയര്‍ ഡാരല്‍ സ്റ്റീന്‍ബെര്‍ഗ് പത്രസമ്മേളനം നടത്തി സംഭവം വ്യക്തമാക്കി.

യുഎസില്‍ തോക്ക് ഉപയോഗിച്ചുള്ള ആക്രമണങ്ങളില്‍ ഏറ്റവുമൊടുവിലത്തേതാണ് സാക്രമെന്റോയിലേത്. രാജ്യത്ത് ഒരു വര്‍ഷത്തില്‍ ശരാശരി 40000 മരണങ്ങള്‍ വെടിവെയ്പ്പിനെത്തുടര്‍ന്നുണ്ടാകുന്നുണ്ടെന്നാണ് കണക്കുകള്‍. ഇതില്‍ ആത്മഹത്യകളും ഉള്‍പ്പെടുന്നുണ്ട്. 2020ല്‍ മാത്രം രണ്ട് കോടിയിലധികം തോക്കുകളാണ് യുഎസില്‍ വിറ്റഴിഞ്ഞതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മുപ്പത് ശതമാനം അമേരിക്കക്കാരുടെ കയ്യിലും ഒരു തോക്ക് എങ്കിലും ഉണ്ടെന്ന് 2021 ജൂണില്‍ നടത്തിയ സര്‍വേയില്‍ വ്യക്തമായിരുന്നു.

Exit mobile version