സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ ശ്രീലങ്കയില്‍ മന്ത്രിമാരുടെ കൂട്ടരാജി

കൊളംബോ : സാമ്പത്തിക പ്രതിസന്ധിയും ജനകീയ പ്രക്ഷോഭവും രൂക്ഷമാകുന്നതിനിടെ ശ്രീലങ്കയില്‍ മന്ത്രിമാരുടെ കൂട്ടരാജി. പ്രധാനമന്ത്രി മഹിന്ദ രജപക്‌സയുടെ മകന്‍ നമല്‍ പക്‌സ ഉള്‍പ്പടെ മന്ത്രിസഭയിലുള്ള 26 മന്ത്രിമാരും രാജി സമര്‍പ്പിച്ചതായാണ് വിവരം.

ഞായറാഴ്ച വൈകി നടന്ന യോഗത്തിന് ശേഷമാണ് മന്ത്രിമാര്‍ രാജിക്കത്ത് നല്‍കിയത്. പ്രധാനമന്ത്രി രാജി വച്ചതായി അഭ്യൂഹമുണ്ടായിരുന്നുവെങ്കിലും മന്ത്രിയുടെ ഓഫീസ് വാര്‍ത്ത നിഷേധിച്ചു. ഇപ്പോള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ എല്ലാ സ്ഥാനങ്ങളില്‍ നിന്നും രാജി വയ്ക്കുന്നതായി നമല്‍ ട്വീറ്റ് ചെയ്തു. യുവജനകാര്യ, കായിക മന്ത്രിയായിരുന്നു നമല്‍.

എല്ലാ രാഷ്ട്രീയ കക്ഷികളെയും ഉള്‍പ്പെടുത്തി സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രീലങ്കന്‍ പ്രസിഡന്റ് ഗോട്ടബയ രജപക്‌സയും സഹോദരന്‍ കൂടിയായ പ്രധാനമന്ത്രി മഹിന്ദ രജപക്‌സയും തമ്മില്‍ ചര്‍ച്ചയായെന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് മന്ത്രിമാരുടെ കൂട്ടരാജി. ഒരാഴ്ചയ്ക്കകം ദേശീയ സര്‍ക്കാര്‍ രൂപീകരിച്ചില്ലെങ്കില്‍ ഭരണമുന്നണി വിടുമെന്ന് ശ്രീലങ്ക ഫ്രീഡം പാര്‍ട്ടി പ്രസിഡന്റിന് കത്ത് നല്‍കിയിട്ടുണ്ട്.

രാജ്യം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് സര്‍ക്കാരിനെതിരെ ആയിരങ്ങള്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തെരുവില്‍ പ്രതിഷേധം തുടരുകയാണ്. അടിയന്തരാവസ്ഥയും 36 മണിക്കൂര്‍ കര്‍ഫ്യൂവും ഏര്‍പ്പെടുത്തിയിട്ടും പ്രക്ഷോഭം അടങ്ങിയില്ല. കര്‍ഫ്യൂ ലംഘിച്ച് റാലി നടത്താന്‍ ശ്രമിച്ച 664 പേരെയാണ് കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തത്.

Exit mobile version