ലണ്ടന്‍: ബ്രിട്ടനില്‍ കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതായി ലോകാരോഗ്യസംഘടന. പുതിയ വകഭേദത്തിന് ഒമിക്രോണിനേക്കാള്‍ വ്യാപനശേഷിയുണ്ടെന്നാണ് വിലയിരുത്തല്‍.
എക്‌സ് ഇ എന്നാണ് ഈ വകഭേദത്തിന്റെ പേര്. ഒമിക്രോണിന്റെ തന്നെ പുതിയൊരു വകഭേദമാണ് എക്‌സ് ഇ. ബി എ 1, ബിഎ.2 എന്നീ ഒമിക്രോണ്‍ വകഭേദങ്ങളുടെ സംയോജിത രൂപമാണ് എക്‌സ് ഇ. ഇപ്പോള്‍ ലോകമെങ്ങും പടര്‍ന്നുകഴിഞ്ഞ ബിഎ.2 വകഭേദത്തേക്കാള്‍ 10 ശതമാനം വ്യാപനശേഷി കൂടുതലാണ് എക്‌സ് ഇയ്ക്ക്.
ഈ പുതിയ ഗവേഷണത്തില്‍ ഏറ്റവും കൂടുതല്‍ പകരുന്ന കൊവിഡ് 19 മ്യൂട്ടന്റ് ആകും ‘എക്‌സ് ഇ’ (XE) എന്നും ലോകാരോ?ഗ്യ സംഘടന പറയുന്നു. അതേസമയം, ഒമിക്രോണിന്റെ ബിഎ2 ഉപ-വകഭേദം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപിക്കുന്നു. ഒമിക്രോണിന്റെ BA1, BA2 എന്നീ രണ്ട് പതിപ്പുകളുടെ ഒരു മ്യൂട്ടന്റ് ഹൈബ്രിഡ് ആണ് പുതിയ വേരിയന്റ്, XE.
ബ്രിട്ടണില്‍ ജനുവരി 19നാണ് ആദ്യ എക്‌സ് ഇ കേസ് റിപ്പോര്‍ട്ട് ചെയ്തതെന്ന് ബ്രിട്ടന്റെ ആരോഗ്യ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 637 പേരില്‍ ആണ് പുതിയ വകഭേദം കണ്ടെത്തിയത്. വൈറസിനെ കുറിച്ച് വിശദമായി പഠിച്ചുവരികയാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.
അതേസമയം വിവിധ രാജ്യങ്ങളില്‍ ബിഎ.2 വകഭേദം പടരുകയാണ്. ബ്രിട്ടനു പുറമേ അമേരിക്കയിലും ചൈനയിലും കോവിഡ് കേസുകള്‍ കുത്തനെ കൂടി. ചൈനയില്‍ മാര്‍ച്ചില്‍ ഏകദേശം 1,04,000 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. അടുത്തിടെയുള്ള കേസുകളില്‍ 90 ശതമാനവും ഷാങ്ഹായ്, വടക്കുകിഴക്കന്‍ ജിലിന്‍ പ്രവിശ്യയിലാണ് കണ്ടെത്തിയത്.
കോവിഡിന്റെ തീവ്രത കുറഞ്ഞെങ്കിലും കരുതല്‍ കൈവിടാറായില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് നല്‍കുന്നു. വിദേശ രാജ്യങ്ങളില്‍ രോഗവ്യാപനം ഉയര്‍ന്നുനില്‍ക്കുകയും ഇന്ത്യയടക്കമുളള രാജ്യങ്ങള്‍ വലിയ ഇളവുകള്‍ പ്രഖ്യാപിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിപ്പിന് പ്രാധാന്യമേറുന്നത്.
ഇന്ത്യയില്‍ കോവിഡ് കേസുകള്‍ കുറഞ്ഞതോടെ ഏപ്രില്‍ ഒന്നിന് നിയന്ത്രണങ്ങള്‍ നീക്കി. പൊതുപരിപാടികളിലും ആഘോഷങ്ങളിലും ആരാധനാലയങ്ങളിലും തിയറ്ററുകളിലും ജിമ്മുകളിലുമൊന്നും ആള്‍ക്കൂട്ട നിയന്ത്രണമില്ല. അതേസമയം മാസ്‌ക്, സാനിറ്റൈസര്‍, സാമൂഹ്യ അകലം എന്നിവയെല്ലാം ഇനിയും തുടരണം.
നിലവില്‍ വിദേശത്ത് കോവിഡ് വ്യാപനത്തിന് കാരണമായത് ഒമിക്രോണിന്റെ ഉപവകഭേദമായ ബിഎ2 ആണെന്ന് ലോകാരോഗ്യ സംഘടന നേരത്തെ വ്യക്തമാക്കിയിരുന്നു.