കൊളംബോ : സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് മരുന്നുകള്‍ കിട്ടാതായതോടെ ശസ്ത്രക്രിയകളടക്കം നിര്‍ത്തി ശ്രീലങ്കന്‍ ആശുപത്രികള്‍. ആറ് മാസത്തോളമായി മരുന്ന് വിതരണക്കാര്‍ക്ക് പണം നല്‍കിയിട്ടില്ലെന്നാണ് വിവരം.
രാജ്യത്തെ സര്‍ക്കാര്‍ ആശുപത്രികളിലടക്കം അനസ്‌തേഷ്യയ്ക്കും ശസ്ത്രക്രിയയ്ക്കും ഉപയോഗിക്കുന്ന നിരവധി മരുന്നുകള്‍ക്കും ഉപകരണങ്ങള്‍ക്കും ക്ഷാമമുണ്ട്. കാന്‍ഡി ജില്ലയിലെ പെരെഡെനിയ ആശുപത്രിയില്‍ എല്ലാ ശസ്ത്രക്രിയകളും താല്ക്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ്. അഡ്മിറ്റ് ചെയ്ത രോഗികളുടെ ശസ്ത്രക്രിയകളുള്‍പ്പടെ നിര്‍ത്താനാണ് നിര്‍ദേശം. രോഗികളോട് ഇന്‍സുലിന്‍ സ്വന്തമായി കൊണ്ടുവരാന്‍ നിര്‍ദേശിച്ചിരിക്കുന്ന ആശുപത്രികളുമുണ്ട്.
1948ല്‍ സ്വാതന്ത്ര്യം നേടിയതിന് ശേഷം ആദ്യമായാണ് ഇത്തരത്തില്‍ കടുത്ത പ്രതിസന്ധിയിലൂടെ രാജ്യം കടന്നു പോകുന്നത്. ഭക്ഷണത്തിനും ഇന്ധനത്തിനും ഇപ്പോള്‍ മരുന്നിനും വരെ നീണ്ട ക്യൂവാണ് ശ്രീലങ്കയില്‍ എല്ലായിടത്തും. രജപക്‌സ സര്‍ക്കാര്‍ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധ പ്രകടനങ്ങളും ഇതിനിടയില്‍ നടക്കുന്നുണ്ട്.
അതേസമയം ശ്രീലങ്കന്‍ ആശുപത്രികളില്‍ ശസ്ത്രക്രിയകള്‍ പുനരാരംഭിക്കാന്‍ ഇന്ത്യ സഹായം നല്‍കുമെന്ന് വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ അറിയിച്ചു. ശ്രീലങ്കയെ എങ്ങനെ സഹായിക്കാനാകും എന്ന് ചര്‍ച്ച ചെയ്യാന്‍ കൊളംബോയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറോട് ജയശങ്കര്‍ നേരത്തേ തന്നെ ആവശ്യപ്പെട്ടിരുന്നു. ഭക്ഷണം, മരുന്ന് എന്നിവയുള്‍പ്പടെയുള്ള അവശ്യവസ്തുക്കളുടെ ഇറക്കുമതിയ്ക്കായി നൂറ് കോടി ഡോളര്‍ കൂടി വായ്പയായി നല്‍കാന്‍ ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്.