സാമ്പത്തിക പ്രതിസന്ധി : കടലാസും മഷിയുമില്ലാത്തതിനാല്‍ ശ്രീലങ്കയിലെ സ്‌കൂളുകളില്‍ പരീക്ഷ മുടങ്ങി

കൊളംബോ : സാമ്പത്തിക പ്രതിസന്ധി മൂലം കടലാസ്, മഷി തുടങ്ങിയവയുടെ ഇറക്കുമതി നിലച്ചതോടെ ശ്രീലങ്കന്‍ സ്‌കൂളുകളില്‍ പരീക്ഷ മുടങ്ങി. തിങ്കളാഴ്ച മുതല്‍ നടക്കാനിരുന്ന പരീക്ഷ അനിശ്ചിത കാലത്തേക്ക് നീട്ടി വച്ചതായാണ് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

രാജ്യത്തെ മൂന്നിലൊന്ന് വിഭാഗം വിദ്യാര്‍ഥികളെയും ബാധിക്കുന്നതാണ് പരീക്ഷയുടെ മുടക്കം. മുതിര്‍ന്ന ക്ലാസ്സുകളിലേക്ക് പ്രവേശനത്തിനായുള്ള യോഗ്യത വിലയിരുത്തുന്ന ടേം ടെസ്റ്റുകളാണ് മുടങ്ങിയത്. വിദേശ നാണയം ഇല്ലാത്തതിനാല്‍ കടലാസും മഷിയും ഇറക്കുമതി ചെയ്യാനാകാത്തതാണ് പരീക്ഷ മുടങ്ങാന്‍ കാരണമെന്ന് വിദ്യാഭ്യാസ വകുപ്പ് വിശദീകരണം നല്‍കിയിട്ടുണ്ട്.

വിദേശനാണയം തീര്‍ന്നതോടെ ഒട്ടുമിക്ക അവശ്യവസ്തുക്കളുടെയും ഇറക്കുമതി ശ്രീലങ്ക നിര്‍ത്തി വച്ചിരിക്കുകയാണ്. ഇതോടെ എല്ലാ വസ്തുക്കള്‍ക്കും തീവിലയായി. പ്രതിസന്ധിക്കിടെ പ്രസിഡന്റ് ഗോതപയ രാജപക്‌സയുടെ രാജി ആവശ്യപ്പെട്ട് ജനം തെരുവിലിറങ്ങിയിട്ടുമുണ്ട്.

എന്താണ് ശ്രീലങ്കന്‍ പ്രതിസന്ധി ?

കഴിഞ്ഞ കുറച്ചുകാലമായി ശ്രീലങ്കയിൽ കയറ്റുമതിയും ഇറക്കുമതിയും തമ്മിൽ കൃത്യമായ ഒരു അനുപാതം നിലനിന്നിരുന്നില്ല. വർഷങ്ങളായി ശ്രീലങ്കയിൽ കയറ്റുമതിയെക്കാൾ കൂടുതൽ ഇറക്കുമതിയായിരുന്നതിനാൽ വിദേശനാണയ ശേഖരത്തിൽ കുറവ് ഉണ്ടാകുന്നുണ്ടായിരുന്നു. കോവിഡിനെത്തുടര്‍ന്ന് കയറ്റുമതി കുറഞ്ഞതോടെ നാണയശേഖരം ഏതാണ്ട് തീര്‍ന്ന മട്ടായി. ഇതുകൂടാതെ ഏഴ് ബില്യണ്‍ ഡോളറോളം വിദേശ കടവുമുണ്ട്. വിദേശവായ്പ സംഘടിപ്പിക്കുന്നതിനായി രൂപയുടെ മൂല്യം കുറച്ചതോടെ പണപ്പെരുപ്പം വര്‍ധിക്കുകയായിരുന്നു.

Exit mobile version