കീവ്: ഉക്രൈനിൽ റഷ്യൻ അധിനിവേശം ആരംഭിച്ചതോടെ ജീവൻ അപകടത്തിലായ ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് തുണയായത് പാകിസ്താൻ സ്വദേശിയായ ടൂർ ഓപറേറ്റർ. അതിർത്തികൾക്കും ഭേദിക്കാനാകാ മനുഷ്യസ്‌നേഹത്തിന്റെ നേർസാക്ഷ്യമാണ് ഉക്രൈനിൽ നിന്നും പുറത്തെത്തിയിരിക്കുന്നത്.
യുദ്ധം പൊട്ടിപുറപ്പെട്ടതോടെ പ്രാണഭയത്താൽ അതിർത്തികളിലേക്ക് ഓടിയ 2500ഓളം ഇന്ത്യക്കാരായ വിദ്യർത്ഥികളേയാണ് മൊഅസാം ഖാൻ എന്ന പാകിസ്താൻ യുവാവ് രക്ഷിച്ച് സുരക്ഷിത തീരത്തെത്തിച്ചത്. ഉക്രൈന് പുറത്തേക്ക് എത്രയും വേഗം വിദ്യാർത്ഥികളെ സുരക്ഷിതമായി എത്തിക്കാനായി എംബസി ശ്രമിച്ചിരുന്നെങ്കിലും വാഹനങ്ങൾ ലഭിക്കാത്തത് വലിയ തിരിച്ചടിയായിരുന്നു.
ഈ ഘട്ടത്തിലാണ് മൊഅസാം ഖാൻ രക്ഷകനായി എത്തിയത്. ഉക്രൈനിലെ ബസ് ടൂർ ഓപ്പറേറ്ററായ ഇദ്ദേഹം യുദ്ധഭൂമിയിൽ സ്വന്തം ജീവൻ പണയം വെച്ച് ഇന്ത്യക്കാരായ വിദ്യാർത്ഥികൾക്ക് തണലാവുകയായിരുന്നു. വാട്സ്ആപ്പ് ഗ്രൂപ്പിൽ ആരോ ഷെയർ ചെയ്ത തന്റെ നമ്പരിലേക്ക് നൂറുകണക്കിന് ഇന്ത്യൻ വിദ്യാർത്ഥികൾ സഹായത്തിനായി വിളിച്ചപ്പോൾ മടികൂടാതെ മൊ അസാം വിദ്യാർത്ഥികളുടെ രക്ഷയ്ക്കെത്തുകയായിരുന്നു.
യുദ്ധഭീതിയെ തുടർന്ന് അതിർത്തികളിലേക്ക് വാഹനങ്ങൾ കിട്ടാൻ ബുദ്ധിമുട്ടുണ്ടായിരുന്ന സമയത്ത് മൊ അസാം എന്ന പാകിസ്താനി യുവാവ് 2500ഓളം ഇന്ത്യൻ വിദ്യാർത്ഥികളെ ഒഴിപ്പിക്കാൻ വാഹനങ്ങൾ ഒരുക്കിക്കൊടുത്തെന്നാണ് റിപ്പോർട്ട്. കയ്യിലെ പണം തീർന്ന് ദുരിതത്തിലായ വിദ്യാർത്ഥികളേയും ഇദ്ദേഹം കൈവിട്ടില്ല. പലവിദ്യാർത്ഥികളെയും അദ്ദേഹം പണം വാങ്ങാതെ അതിർത്തികളിലെത്തിച്ചു.
The Pakistani tour operator Moazam Khan who helped around 2500 Indian students in Ukraine. ♥️♥️ pic.twitter.com/npOuVBHtXT
— Mohammed Zubair (@zoo_bear) March 9, 2022
സഹോദരന്റെ കുടുംബം ഉക്രൈനിൽ താമസമാക്കിയതിന് പിന്നാലെയാണ് മൊ അസാം ഉക്രൈനിലെത്തുന്നത്. സിവിൽ എഞ്ചിനീയറിങ് ബിരുദധാരിയാണ് ഇദ്ദേഹം. ഉക്രൈനിൽ ടൂർ ഓപ്പറേറ്റായാണ് ജോലി നോക്കിയത്. നിസ്സഹായരായ ഇന്ത്യൻ വിദ്യാർത്ഥികളുടെ പ്രശ്‌നങ്ങൾ തനിക്ക് ശരിയായി മനസിലാക്കാനായത് ഭാഷയുടെ സവിശേഷത കൊണ്ട് കൂടുയാണെന്ന് ഈ യുവാവ് പറയുന്നു. ഉറുദു നന്നായി വശമുള്ള മൊ അസാമിന് ഇന്ത്യൻ വിദ്യാർത്ഥികളുടെ ഹിന്ദിയും വഴങ്ങും. യുദ്ധഭൂമിയിലെ മനുഷ്യത്വ മുഖത്തെ ആദരവോടെ ഓർക്കുകയാണ് രക്ഷപ്പെട്ട ഇന്ത്യൻ വിദ്യാർത്ഥികൾ.
Discussion about this post