വീടുകളില്‍ വളര്‍ത്തുന്ന നായകള്‍ ജോലികളില്‍ സഹായിയാകുന്നതും വീട്ടിലെ അംഗമായും ശ്രദ്ധ നേടാറുണ്ട്. എന്നാല്‍ നായയുടെ അമിത ശ്രദ്ധ കാരണം വീട്ടുകാര്‍ക്ക് കിട്ടിയ എട്ടിന്റെ പണിയാണ് സോഷ്യല്‍ ലോകത്ത് നിറയുന്നത്.
കുടുംബം വീട്ടിലില്ലാത്ത സമയത്ത് നായ അടുക്കളയിലെ ടാപ്പ് തുറന്നിട്ടു, ഇതോടെ
വീടിനുള്ളില്‍ വെള്ളം കയറുകയും, നാല് ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടമുണ്ടാവുകയും ചെയ്തു.
യുകെയിലാണ് സംഭവം. ലാബ്രഡോറിന്റെയും, ഗ്രേറ്റ് ഡെയ്നിന്റെയും ക്രോസ്സായ ലാബ്രഡേന് ഇനത്തില്‍ പെട്ടതാണ് നായ. വിസ്കി എന്നാണ് നായയുടെ പേര്. ഉടമകള്‍ വീട്ടിലില്ലാത്ത സമയമായിരുന്നെങ്കിലും, വീട്ടിലെ സിസിടിവിയില്‍ നായയുടെ
പ്രവൃത്തികള്‍ പതിഞ്ഞിരുന്നു. അങ്ങനെയാണ് എല്ലാവര്ക്കും കാര്യം പിടികിട്ടിയത്. അടുക്കളയിലെ സിങ്കില്‍ കൈകള്‍ വച്ചുകൊണ്ട് നായ പിന്‍കാലുകളില്‍ നില്‍ക്കുന്നത് ക്യാമറയില്‍ കാണാമായിരുന്നു.
ഓണ്‍ലൈനില്‍ പങ്കിട്ട ചിത്രത്തില്‍ നായ ഒഴുകുന്ന വെള്ളത്തിലേക്ക് നോക്കുന്നതും കാണാം. വീട്ടിലെത്തിയ വീട്ടുകാര്‍ അന്ധാളിച്ചു. നഷ്ടപരിഹാരം ക്ലെയിം ചെയ്യാന്‍, അവര്‍ തങ്ങളുടെ ഇന്‍ഷുറന്‍സ് കമ്പനിയായ അവിവയെ സമീപിച്ചു. വളര്‍ത്തുമൃഗങ്ങളുമായി ബന്ധപ്പെട്ട ഇത്തരമൊരു സംഭവം ഇത് ആദ്യമായാണ് എന്ന് കമ്പനി പറഞ്ഞു.
അതേസമയം യുകെയിലെ ഇന്‍ഷുറന്‍സ് കമ്പനിക്ക് ഓരോ വര്‍ഷവും ഏകദേശം എണ്ണൂറോളം ആകസ്മികമായ അപകടങ്ങള്‍ മൂലമുള്ള ക്ലെയിമുകള്‍ ലഭിക്കുന്നു. അതും നായ്ക്കള്‍ മൂലമാണ് കൂടുതലും. വെള്ളം നിറച്ച ബക്കറ്റില്‍ ലാപ്ടോപ്പ് ഇടുക, രണ്ട് ലിറ്റര്‍ പെയിന്റ് നിറച്ച പാത്രം കോണിപ്പടിയില്‍ തട്ടി മറിച്ചിടുക, ടിവി സെറ്റ് തട്ടിയിടുക തുടങ്ങിയ കാര്യങ്ങള്‍ നായ്ക്കള്‍ ചെയ്തതിനെ തുടര്‍ന്ന് ക്ലെയിമുകള്‍ ഉണ്ടാകാറുണ്ടെന്നും ഇന്‍ഷുറന്‍സ് കമ്പനി പറഞ്ഞു.
Discussion about this post