വീട്ടിൽ ഓമനിച്ചു വളർത്തുന്ന മൃഗങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ താങ്ങാൻ കഴിയാത്ത വീട്ടുടമസ്ഥരുണ്ട്. അതുപോലെ തിരിച്ചും. തങ്ങളുടെ ഉടമയെ ജീവൻ കൊടുത്തും സംരക്ഷിക്കുന്ന വളർത്തു മൃഗങ്ങളുണ്ട്. ഇപ്പോൾ അത്തരത്തിലൊരു സംഭവമാണ് വടക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലെ ഡോർസെറ്റിൽ നടന്നത്. തന്റെ പ്രിയപ്പെട്ട ഉടമയുടെ മരണം താങ്ങാനാവാതെ വിഷാദ രോഗത്തിലേയ്ക്ക് വീണത് ഒരു തത്തയാണ്. ആഫ്രിക്കൻ ഗ്രേ പാരറ്റ് ഇനത്തിൽപ്പെട്ട ജെസ്സെ എന്ന പേരുള്ള തത്തയാണ് കടുത്ത വിഷാദ രോഗത്തിലായത്.
ഉടമയുടെ മരണത്തെത്തുടർന്ന് റോയൽ സൊസൈറ്റി ഫോർ ദ പ്രിവൻഷൻ ഓഫ് ക്രൂവൽറ്റി ടു അനിമൽസ് എന്ന സംഘടന ജെസ്സെയെ ഏറ്റെടുത്തു. എന്നാൽ മറ്റു തത്തയ്ക്ക് യാതൊരു ഉത്സാഹവും ഉണ്ടായിരുന്നില്ല. ഉടമയെ പിരിഞ്ഞതാണ് കാരണമെന്ന് മനസ്സിലായെങ്കിലും ദിവസങ്ങൾക്കുള്ളിൽ ശരിയാകുമെന്ന പ്രതീക്ഷയിലായിരുന്നു കേന്ദ്രത്തിലെ ജോലിക്കാർ. എന്നാൽ ദിവസങ്ങൾ കഴിയുന്തോറും തത്തയുടെ സ്ഥിതി മോശം അവസ്ഥയിലെത്തി.
വല്ലപ്പോഴും ഒരിക്കൽ ഗുഡ്‌ബൈ എന്ന വാക്ക് മാത്രമാണ് ജെസ്സെ പറഞ്ഞിരുന്നതെന്ന് ഇവർ പറയുന്നു. ഇതോടൊപ്പം ഒടുവിൽ സ്വന്തം ശരീരത്തിൽ നിന്നും തൂവലുകൾ കൊത്തിയടർത്തി കളഞ്ഞു തുടങ്ങി. എന്തെങ്കിലും അസുഖമോ ത്വക്കിന് അലർജി വന്നതോ ആവാം കാരണമെന്ന് കരുതിയെങ്കിലും ഉടമയുടെ മരണത്തെ തുടർന്നുള്ള മാനസിക ആഘാതമാണ് ഈ വിചിത്രമായ പെരുമാറ്റത്തിന് പിന്നിലെന്ന് പിന്നീട് മനസിലാക്കി. മരിച്ചുപോയ ഉടമയുടെ വീട്ടിലെ അന്തരീക്ഷവുമായി പൊരുത്തപ്പെട്ട് കഴിഞ്ഞിരുന്ന ജെസ്സെയ്ക്ക് മറ്റൊരു സാഹചര്യവുമായി ഇണങ്ങിച്ചേരാനാവാത്തതായിരുന്നു പ്രധാന കാരണം.
ഇത് തിരിച്ചറിഞ്ഞ സംഘടന തത്തയ്ക്ക് വേണ്ടി പുതിയ ഉടമയെ അന്വേഷിച്ചു. ഒടുവിൽ ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ സൗത്ത് വെയ്ൽസിൽ നിന്നുള്ള റേച്ചൽ ലെതർ എന്ന യുവതി ജെസ്സെയെ ഏറ്റെടുത്തു. ഏറെക്കാലമായി ഒരു തത്തയെ സ്വന്തമാക്കണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും അവയെ കൂട്ടിലടച്ചു വളർത്തേണ്ടിവരുമെന്നതിനാൽ ആ ആഗ്രഹം വേണ്ടെന്നുവച്ചു കഴിയുകയായിരുന്നു റേച്ചൽ. എന്നാൽ ജെസ്സെയുടെ കഥ അറിഞ്ഞതോടെ അവനെ ഏറ്റെടുത്തു സ്‌നേഹം നൽകി പരിചരിക്കണമെന്ന് ആഗ്രഹം തോന്നി.
കൂടെ പാർപ്പിക്കാൻ തുടങ്ങിയിട്ട് കുറച്ചു നാളുകളെ ആയുള്ളുവെങ്കിലും ഇത്രയും കാലം ജെസ്സെ ഇല്ലാതെയാണ് തങ്ങൾ കഴിഞ്ഞിരുന്നതെന്ന കാര്യം ഇപ്പോൾ ചിന്തിക്കാൻ പോലുമാവുന്നില്ലെന്ന് റേച്ചലും ഭർത്താവും പറയുന്നു. രണ്ടു നായകളെയും അഞ്ച് പൂച്ചകളെയും വളർത്തുന്ന വീട്ടിൽ വലുപ്പമുള്ള ഒരു കൂടിനുള്ളിലാണ് റേച്ചൽ ഇപ്പോൾ ജെസ്സെയെ പാർപ്പിച്ചിരിക്കുന്നത്. തത്തയുടെ മുൻകാലത്തെക്കുറിച്ച് അറിയുന്നതിനാൽ പ്രത്യേക പരിചരണവും കരുതലും നൽകിയിരുന്നു. പതിയെ പതിയെ ജെസ്സെ സാധാരണനിലയിലേക്കെത്തുന്നതായാണ് ഏറ്റവുമൊടുവിൽ പുറത്തുവരുന്ന വിവരം. തൂവലുകൾ കൊത്തിക്കളയുന്ന ശീലത്തിൽ നിന്നും പൂർണമായി അവൻ മോചനം നേടിയിട്ടില്ലെങ്കിലും ശരീരത്തിൽ പുതിയ തൂവലുകൾ വളർന്നുവരുന്നത് നല്ല സൂചനയായി കണക്കാക്കുന്നു.
Discussion about this post