മോസ്‌കോ : ഉക്രെയ്‌നില്‍ റഷ്യ നടത്തുന്ന അധിനിവേശത്തില്‍ പ്രതിഷേധിച്ച് റഷ്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി നെറ്റ്ഫ്‌ളിക്‌സ്. നിലവിലെ സാഹചര്യം മുന്‍നിര്‍ത്തിയാണ് നടപടിയെന്ന് കമ്പനിയുടെ വക്താവ് പ്രസ്താവനയില്‍ അറിയിച്ചു.
റഷ്യയില്‍ പത്ത് ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സ് ആണ് സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സിനുള്ളത്. ഉക്രെയ്ന്‍ അധിനിവേശത്തിന് തൊട്ട് പിന്നാലെ കഴിഞ്ഞ ആഴ്ചയില്‍ നെറ്റ്ഫ്‌ളിക്‌സ് തങ്ങള്‍ റഷ്യയില്‍ നടത്താനിരുന്ന എല്ലാ പദ്ധതികളും നിര്‍ത്തി വച്ചിരുന്നു. ക്രൈം ത്രില്ലറായ സാറ്റോ ഉള്‍പ്പടെ റഷ്യന്‍ ഒറിജിനല്‍സ് ആയ നാല് ഡ്രാമ സീരീസ് നെറ്റ്ഫ്‌ളിക്‌സ് പുറത്തിറക്കാനിരിക്കുകയായിരുന്നുവെന്നാണ് വിവരം.
Netflix and TikTok are suspending all or part of their services in Russia, adding to a long list of companies boycotting the country over its war in Ukraine.https://t.co/3eIKhMqq82
— CNN (@CNN) March 7, 2022
നെറ്റ്ഫ്‌ളിക്‌സ് കൂടാതെ ടിക്ടോക്കും റഷ്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി അറിയിച്ചിട്ടുണ്ട്. റഷ്യയില്‍ പുതുതായി ആവിഷ്‌കരിച്ച വ്യാജ വാര്‍ത്ത വിരുദ്ധ നിയമത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഈ നിയമപ്രകാരം റഷ്യന്‍ സൈന്യത്തിനെതിരായ വാര്‍ത്തകളെല്ലാം വ്യാജവാര്‍ത്തയായാണ് കണക്കാക്കുന്നത്. അത്തരത്തില്‍ ഏത് കാര്യങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്ക് വച്ചാല്‍ 15 വര്‍ഷം വരെ തടവ് ലഭിക്കാം. ഇതോടെ ആപ്പിന്റെ ലൈവ് സ്ട്രീമിങും പുതിയ വീഡിയോകള്‍ നിര്‍മിക്കുന്ന സംവിധാനവും നിര്‍ത്തി വച്ചിരിക്കുകയാണ്.
അടുത്തിടെ മാസ്റ്റര്‍ കാര്‍ഡ്, വിസ, കൊക്ക കോള, ആപ്പിള്‍ പയനീര്‍ തുടങ്ങിയ കമ്പനികളും റഷ്യയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു. ട്വിറ്ററും ഫേസ്ബുക്കും നേരത്തേ തന്നെ റഷ്യയില്‍ പ്രവര്‍ത്തനം നിര്‍ത്തി വച്ചിട്ടുണ്ട്.