തൃശൂര്‍: യുക്രെയ്നില്‍ യുദ്ധഭൂമിയില്‍ നിന്നും ജീവനുമായി ഓടുകയാണ്, പഠിയ്ക്കാന്‍ വിട്ട മക്കളെ കുറിച്ചുള്ള ആധിയിലാണ് മാതാപിതാക്കള്‍. നിരവധി മലയാളി വിദ്യാര്‍ഥികളാണ് യുക്രെയ്നില്‍ ഉള്ളത്.
ചാലിശേരി മൂലേപ്പാട്ട് കൊള്ളന്നൂര്‍ വീട്ടിലെ വിജി ജെയിംസിന്റെയും റെനിയുടെയും ഉള്ളിലും ആധിയായിരുന്നു, യുദ്ധഭൂമിയില്‍ പെട്ടുപോയ പൊന്നുമക്കളെ ഓര്‍ത്ത്. രണ്ട് മക്കളും യുദ്ധഭൂമിയുടെ രണ്ടറ്റത്തായിരുന്നു. മകന് ക്രിസ്റ്റിയന്‍ ഒഡേസയില്‍, മകള്‍ കാതറീന് ഹര്കീവിലുമായിരുന്നു.
വിജിയും റെനിയും ദിവസവും മക്കളെ വീഡിയോ കോളില്‍ വിളിയ്ക്കും. സുരക്ഷിതമാണോ? ബോംബിങ് ഉണ്ടോ?, ഭക്ഷണം കിട്ടുന്നുണ്ടോ?, സൂക്ഷിക്കണേ.. എന്നുള്ള ഓര്മപ്പെടുത്തലുകള്. ബോംബ് ഷെല്ലുകള്‍ക്കിടയിലൂടെ ക്രിസ്റ്റിയനും സഹോദരി കാതറീനും രണ്ട് വഴിക്ക് അതിര്‍ത്തി തേടി ഓടി. വീണ്ടും കാണുമെന്ന് പോലും ഉറപ്പിലാതെ.
പക്ഷേ ഭാഗ്യം അവരെ കൈവിട്ടില്ല, സഹോദരങ്ങള്‍ അഭയം തേടിയെത്തിയത്
ഒരേ രാജ്യത്ത്, ഒരേ നഗരത്തില്‍, അതും ഒരേ ഹോട്ടലിലാണ്. ഹംഗറിയിലെ ബുഡാപെസ്റ്റിലെ ഹോട്ടലിലാണ് സഹോദരങ്ങള്‍ ഒന്നിച്ചത്. വളരെ അപ്രതീക്ഷിതമായിരുന്നു ഈ സഹോദരങ്ങളുടെ കൂടിച്ചേരല്‍. ദൈവം തങ്ങളുടെ പ്രാര്‍ത്ഥന കേട്ടതിന്റെ സന്തോഷത്തിലാണ് വിജിയും റെനിയും.
വീണ്ടും കാണുമെന്നോ ജീവന് തിരിച്ചുകിട്ടുമെന്നോ ഉറപ്പിലാതെ കണ്ണീര്വാര്ത്തിരുന്നപ്പോള് ഒരുമിച്ചു വീട്ടിലേക്ക് വീഡിയോ കോളെത്തി, രണ്ട് പൊന്നുമക്കളും അതാ ഒരുമിച്ച്. ചാലിശേരിയിലെ വീട്ടില്‍ ഇതുകണ്ട് വിജിക്കും റെനിക്കും സന്തോഷക്കണ്ണീര്.
Discussion about this post