മോസ്‌കോ : അമേരിക്കയ്ക്കുള്ള റോക്കറ്റ് എഞ്ചിന്‍ വിതരണം നിര്‍ത്തി റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌മോസ്. ഏജന്‍സി തലവനായ ജിമിത്രി റോഗൊസിന്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഉക്രെയ്‌നുമായി ചേര്‍ന്ന് റഷ്യയ്‌ക്കെതിരെ അമേരിക്ക നടത്തുന്ന ഉപരോധത്തിന് മറുപടിയായാണ് നടപടി.
“നിലവിലെ സാഹചര്യത്തില്‍ ലോകത്തെ ഏറ്റവും മികച്ചവയായ ഞങ്ങളുടെ റോക്കറ്റ് എഞ്ചിനുകള്‍ ഇനിയും അമേരിക്കയ്ക്ക് നല്‍കാനാവില്ല. അവര്‍ ചൂലോ മറ്റെന്തെങ്കിലുമോ കൊണ്ട് പറക്കട്ടെ.” റോഗൊസിന്‍ ഒരു റഷ്യന്‍ ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
റഷ്യ സ്വന്തമായി വികസിപ്പിച്ച ആര്‍ഡി 180 എഞ്ചിനുകളാണ് ഇതുവരെ നാസയുടെ ബഹിരാകാശ ദൗത്യങ്ങള്‍ക്ക് ഉപയോഗിച്ചിരുന്നത്. ലോകത്തെ തന്നെ ഏറ്റവും അത്യാധുനികമായ റോക്കറ്റ് എഞ്ചിനാണിത്. 1990ന് ശേഷം ഇത്തരത്തിലുള്ള 122 എഞ്ചിനുകള്‍ റഷ്യയില്‍ നിന്ന് യുഎസ് വാങ്ങിയിട്ടുണ്ട്. ഇതില്‍ 98ഉം നാസയുടെ സുപ്രധാന ബഹിരാകാശ ദൗത്യ പേടകമായ അറ്റ്‌ലസിലാണ് ഉപയോഗിച്ചിരുന്നത്.
നേരത്തേ അമേരിക്കയ്ക്ക് നല്‍കിയ റോക്കറ്റ് എഞ്ചിനുകളുടെ സര്‍വീസും അവസാനിപ്പിക്കുമെന്നാണ് റോഗൊസിന്‍ അറിയിച്ചിരിക്കുന്നത്. റഷ്യയുടെ സഹായം കൂടാതെ പ്രവര്‍ത്തിക്കാനാകാത്ത 24 എഞ്ചിനുകള്‍ ഇപ്പോള്‍ യുഎസിന്റെ കയ്യിലുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. പടിഞ്ഞാറന്‍ രാജ്യങ്ങളുടെ ഉപരോധത്തിന് തിരിച്ചടിയായി ഫ്രഞ്ച് അധീനതയിലുള്ള ഗ്വിയാനയിലെ യൂറോപ്യന്‍ രാജ്യങ്ങളുടെ ബഹിരാകാശ താവളവുമായി സഹകരിക്കുന്നതും റഷ്യ നിര്‍ത്തി വച്ചിട്ടുണ്ട്.