റഷ്യ- യുക്രൈൻ യുദ്ധം ആറാം ദിവസത്തിലേയ്ക്ക് കടക്കുമ്പോൾ കരളലിയിപ്പിക്കുന്ന പല റിപ്പോർട്ടുകളുമാണ് വരുന്നത്. ജീവനു വേണ്ടി കേണപേക്ഷിക്കുന്ന കൂട്ടത്തിലെ മലയാളികളെയും നാം കണ്ടതാണ്. എന്നാൽ ഇപ്പോൾ യുദ്ധം കടുക്കുമ്പോഴും പോരാട്ടവീര്യത്തോടെ യുക്രൈനിൽ നിന്നൊരു 98കാരിയാണ് വാർത്തയിൽ ഇടംനേടുന്നത്.
പ്രശസ്ത മലയാളി വ്‌ളോഗറും ആൽബം താരവുമായ റിഫ മെഹ്നു ദുബായിയിൽ മരിച്ച നിലയിൽ
യുക്രൈൻ വിദേശകാര്യ മന്ത്രാലയമാണ് ചിത്രം പങ്കുവെച്ചത്. 98കാരിയായ ഇറിന എന്ന വൃദ്ധ കൈയിലൊരു പോസ്റ്ററുമായി നിൽക്കുന്നതാണ് ചിത്രം.’ഞാൻ ഹോളോഡോമോറിനെയും ഹിറ്റ്ലറെയും അതിജീവിച്ചു. ഇനി പുടിൻ ലില്ലിപുട്ടിയനെയും അയാളുടെ വെട്ടുകിളികളെയും ഞാൻ അതിജീവിക്കും’ എന്നാണ് ആ പോസ്റ്ററിലെ വാചകങ്ങൾ.
റഷ്യയുടെ അധിനിവേശ സേനയെ നേരിടാൻ ആയുധം കയ്യിലെടുത്ത് പൊരുതുന്ന യുക്രൈൻ ജനതയ്ക്ക് ആവേശമാകുന്നതാണ് ഇറിന നൽകുന്ന സന്ദേശം. ചിത്രം ഇതിനോടകം തരംഗം സൃഷ്ടിച്ചു കഴിഞ്ഞു. 1932-33 കാലഘട്ടത്തിൽ സോവിയറ്റ് യൂണിയനു കീഴിലായിരുന്ന യുക്രൈൻ നേരിട്ട കടുത്ത ക്ഷാമമാണ് ഹോളോഡോമോർ എന്നറിയപ്പെടുന്നത്.
ജനസംഖ്യയുടെ 13 ശതമാനം വരുന്ന 39 ലക്ഷം ആളുകളുടെ ജീവൻ അപഹരിച്ച മഹാദുരന്തം കൂടിയായിരുന്നു അത്. യുക്രൈൻ ജനതയുടെ ഉടമസ്ഥതയിലുള്ള ചെറുകൃഷിയിടങ്ങൾ പിടിച്ചെടുത്ത് സർക്കാറിന്റെ കീഴിലാക്കിയ കമ്യൂണിസ്റ്റ് നേതാവ് ജോസഫ് സ്റ്റാലിന്റെ നയങ്ങളാണ് ഹോളോഡോമോറിന് കാരണമെന്ന് പറയപ്പെടുന്നു.