തായ്‌ലന്‍ഡില്‍ ഇനി കഞ്ചാവ് ഉപയോഗം നിയമവിധേയം; ചികിത്സയ്ക്കും ഗവേഷണത്തിനും കഞ്ചാവ് ഉപയോഗിക്കാന്‍ അനുമതി നല്‍കി സര്‍ക്കാര്‍

ചെറിയ ഭേദഗതികളോടെയാണ് കഞ്ചാവ് നിയമവിധേയമാക്കിയിട്ടുള്ളത്.

ബാങ്കോക്ക്: തായ്‌ലന്‍ഡില്‍ കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കി സര്‍ക്കാര്‍. ചികിത്സയ്ക്കും ഗവേഷണത്തിനുമായി നിയന്ത്രിത അളവില്‍ കഞ്ചാവ് ഉപയോഗിക്കാനുള്ള അനുമതിയാണ് സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്. ലോകത്തിലെ ഏറ്റവും കര്‍ശനമായ മയക്കുമരുന്ന് നിയമങ്ങളുള്ള രാജ്യമാണ് തായ്ലന്‍ഡ്.

എന്നാല്‍ കൂടിയ അളവില്‍ കഞ്ചാവ് കൈയ്യില്‍ വെക്കുകയോ കടത്തുകയോ ചെയ്താല്‍ വധശിക്ഷയ്ക്ക് വിധിക്കുന്ന നിലവിലുള്ള വകുപ്പുകള്‍ അതേപടി നിലനിര്‍ത്തിയിട്ടുണ്ട്. ചെറിയ ഭേദഗതികളോടെയാണ് കഞ്ചാവ് നിയമവിധേയമാക്കിയിട്ടുള്ളത്. 1979ലെ നാര്‍ക്കോട്ടിക് ആക്ട് പ്രകാരമാണ് തായ്ലന്‍ഡില്‍ മയക്കുമരുന്നിന്റെ ഉപയോഗം നിര്‍ത്തലാക്കിയത്.

ഈ നിയമം ഭേദഗതി ചെയ്യാനുള്ള ബില്ലാണ് വ്യാഴാഴ്ച പാര്‍ലിമെന്റില്‍ പാസായത്. പുതുവത്സര അവധിക്ക് മുമ്പ് ബില്ലുകള്‍ കൈകാര്യം ചെയ്യുന്നതിനായി ചേര്‍ന്ന പാര്‍ലിമെന്റ് യോഗത്തിലായിരുന്നു തീരുമാനം. തായ് ജനതയ്ക്കുള്ള ഒരു പുതുവര്‍ഷ സമ്മാനമാണ് നിയമസഭയില്‍ പാസാക്കിയതെന്ന് കരട് കമ്മറ്റി അധ്യക്ഷന്‍ സോംകി സവാങ്കാര്‍ണ്‍ പറഞ്ഞു.

Exit mobile version