കീവ്: ഉക്രൈനിൽ റഷ്യ നടത്തുന്ന അധിനിവേശത്തിൽ നിരവധി ജീവനുകൾ പൊലിഞ്ഞതിനിടെ ലോകത്തിന്റെ കണ്ണീരായി ആറുവയസുകാരൻ. ഇതുവരെ ഉക്രൈന്റെ 64 പൗരന്മാരുടെ ജീവനാണ് പൊലിഞ്ഞിരിക്കുന്നതെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. ഈ കൂട്ടത്തിൽ ഒരു ആറുവയസുകാരനുമുണ്ട്. യുദ്ധത്തിൽ ജീവൻ പൊലിഞ്ഞ ഏറ്റവും പ്രായം കുറഞ്ഞ കുട്ടി കീവിലെ ആറ് വയസുകാരനാണെന്നാണ് സിഎൻഎൻ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇതുവരെ 240ൽ അധികം സിവിലിയൻമാർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് ഐക്യരാഷ്ട്ര സഭ അറിയിച്ചത്. ഉക്രൈയിനിലെ ഒഖ്തിർക്കയിൽ മാത്രം റഷ്യൻ സൈന്യത്തിന്റെ ആക്രമണത്തിൽ ആറ് പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ ഏഴ് വയസ്സുള്ള പെൺകുട്ടിയും ഉൾപ്പെടുമെന്ന് ഗവർണർ ദിമിത്രി ഷിവിറ്റ്‌സ്‌കി അറിയിച്ചു.
യുക്രൈനിലെ അനാഥാലയവും കിന്റർ ഗാർഡനും റഷ്യൻ സൈന്യം ആക്രമിക്കാൻ ലക്ഷ്യമിട്ടിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ഇക്കാര്യം റഷ്യ തള്ളി.