റഷ്യൻ ടാങ്കുകളെ തടയുന്നതിനായി സ്വയം പൊട്ടിത്തെറിച്ച് യുക്രൈൻ സൈനികൻ. മറൈൻ ബറ്റാലിയൻ എഞ്ചിനീയർ വിറ്റാലി സ്‌കാകുൻ വോളോഡിമിരോവിച്ച് ആണ് വീരമൃത്യു മരിച്ചത്. യുക്രൈൻ മിലിട്ടറി തന്നെയാണ് ഞെട്ടിക്കുന്ന വിയോഗ വാർത്ത ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. റഷ്യയുടെ നിയന്ത്രണത്തിലുള്ള ക്രിമിയയിൽ നിന്ന് യുക്രൈനിലേക്ക് കടക്കാനുള്ള പാലമാണ് സൈനികൻ സ്വയം പൊട്ടിത്തെറിച്ച് തകർത്ത് തരിപ്പണമാക്കിയത്.
ഖെർസോണിലെ ഹെനിചെക് പാലത്തിലായിരുന്നു ഇദ്ദേഹത്തെ പോസ്റ്റ് ചെയ്തിരുന്നത്. ഇവിടേക്കാണ് റഷ്യൻ ടാങ്കുകൾ എത്തിയത്. ടാങ്കുകളെ തടയാനുള്ള ഒരേയൊരു വഴി പാലങ്ങൾ തകർക്കുക എന്നതായിരുന്നു. ശേഷം, വിറ്റാലി സ്വയം ഈ ദൗത്യം ഏറ്റെടുക്കുകയായിരുന്നു.
പാലത്തിൽ ബോംബ് വച്ച് തിരികെ വരാനായിരുന്നു ലക്ഷ്യമിട്ടത്. എന്നാൽ, ബോംബ് സ്ഥാപിച്ചതിനു ശേഷം സുരക്ഷിത സ്ഥാനത്ത് മാറുവാൻ സാധിച്ചില്ല. ഇതാണ് ദാരുണ മരണത്തിന് ഇടയാക്കിയത്. കീവിൽ റഷ്യൻ സൈന്യം നടത്തിവന്ന എല്ലാ അക്രമങ്ങളേയും പ്രതിരോധിക്കാൻ സാധിച്ചെന്ന് യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്‌കി അറിയിച്ചിരുന്നു.
തലസ്ഥാന നഗരമായ കീവ് പിടിച്ചടക്കാൻ റഷ്യ സർവസന്നാഹങ്ങളുമായെത്തിയെങ്കിലും സാധിച്ചില്ലെന്നാണ് ഒരു വിഡിയോ സന്ദേശത്തിലൂടെ സെലൻസ്‌കി അറിയിച്ചിരിക്കുന്നത്. തലസ്ഥാനത്തെ പിടിച്ചടക്കി ഭരണത്തെ അട്ടിമറിക്കാനുള്ള റഷ്യയുടെ പദ്ധതികളൊന്നും ഇന്ന് നടന്നില്ലെന്നാണ് സെലൻസ്‌കി പറഞ്ഞത്.