ആയുധം താഴെ വെക്കില്ല, രാജ്യത്തിനായി പോരാടും: കീഴടങ്ങുമെന്നത് വ്യാജ പ്രചാരണം; വ്ലാദിമിര്‍ സെലന്‍സ്‌കി

കീവ്: സൈന്യം ആയുധം താഴെ വെക്കില്ലെന്നും തങ്ങളുടെ രാജ്യത്തിനായി പോരാടുമെന്നും ഉറച്ച് യുക്രൈന്‍ പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്‌കി. യുക്രൈന്‍ സൈന്യം പരാജയം സമ്മതിച്ച് കീഴടങ്ങുമെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് സലെന്‍സ്‌കിയുടെ പുതിയ പ്രസ്താവന.

കീഴടങ്ങാന്‍ നിര്‍ദേശിച്ചതെന്ന് വ്യാജ പ്രചാരണമാണെന്നും പ്രസിഡന്റ് ഔദ്യോഗിക വസതിക്ക് മുന്നില്‍ നിന്ന് പുറത്തുവിട്ട ഏറ്റവും പുതിയ വീഡിയോ സന്ദേശത്തില്‍ പറയുന്നു.

നേരത്തെ കീവ് വിടാന്‍ സെലന്‍സ്‌കിയെ സഹായിക്കുമെന്ന അമേരിക്കയുടെ വാഗ്ദാനം അദ്ദേഹം നിരസിച്ചതായ വാര്‍ത്തയും പുറത്തുവന്നിരുന്നു. താനും തന്റെ കുടുംബവുമാണ് റഷ്യയുടെ ലക്ഷ്യമെന്ന് സെലന്‍സ്‌കി പറഞ്ഞിരുന്നു.

അവസാന ഘട്ടം വരെ യുക്രൈനില്‍ തുടരുമെന്നും രാജ്യം വിടില്ലെന്നും സെലന്‍സ്‌കി അറിയിച്ചു. യുക്രൈന്‍ തലസ്ഥാനമായ കീവില്‍ തന്നെയുണ്ടെന്ന് പ്രസിഡന്റ് സെലന്‍സ്‌കി നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രസിഡന്റ് ബങ്കറിലേക്ക് മാറി എന്ന വാര്‍ത്ത വന്നതിന് പിന്നാലെയാണ് കീവിലെ പ്രസിഡന്റ് ഓഫീസിന് മുന്നില്‍ നിന്നും സെലന്‍സ്‌കി സംസാരിക്കുന്ന വീഡിയോ പുറത്തുവന്നത്.

അതേസമയം, രാജ്യം വിടാന്‍ സഹായിക്കാമെന്ന യുഎസ് വാഗ്ദാനം അദ്ദേഹം നിരസിച്ചിരുന്നു. ഇപ്പോള്‍ പടക്കോപ്പുകളാണ് തനിക്ക് വേണ്ടതെന്നും യാത്രയല്ലെന്നും സെലന്‍സ്‌കി പ്രതികരിച്ചു.

”യുദ്ധം നടക്കുന്നത് ഇവിടെയാണ്. എനിക്ക് പടക്കോപ്പുകളാണ് ഇപ്പോള്‍ വേണ്ടത്, യാത്രയല്ല..” സെലന്‍സ്‌കി പറഞ്ഞതായി അസോഷ്യേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. സെലന്‍സ്‌കിയെ സുരക്ഷിതമായി നാടുവിടാന്‍ സഹായിക്കാന്‍ ആവശ്യമായ നടപടികള്‍ യു.എസ് പൂര്‍ത്തീകരിച്ചിരുന്നതായി സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ദിവസം താന്‍ എങ്ങോട്ടും ഒളിച്ചോടിയിട്ടില്ലെന്ന് സെലന്‍സ്‌കി വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു. താനടക്കം ഭരണത്തലവന്മാര്‍ ആരും കിയവ് വിട്ടുപോയിട്ടില്ലെന്നും നഗരം ആര്‍ക്കും വിട്ടുകൊടുക്കില്ലെന്നും അദ്ദേഹം അറിയിച്ചു. യുക്രൈന്‍ പൗരന്മാരെ അഭിസംബോധന ചെയ്താണ് സെലന്‍സ്‌കി വിഡിയോ സന്ദേശം പുറത്തുവിട്ടത്.

അതേസമയം, മൂന്നാംദിനത്തിലും യുക്രൈനില്‍ വ്യോമാക്രമണത്തിന് ശക്തമാക്കിയിരിക്കുകയാണ്. കരയുദ്ധത്തില്‍ യുക്രൈന്‍ പ്രതിരോധം കണക്കിലെടുത്താണ് റഷ്യന്‍ നീക്കം. ആറ് യുക്രൈന്‍ നഗരങ്ങളില്‍ വ്യോമാക്രമണ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. മധ്യയുക്രൈനിലെ യുമനിലും ഒഡേസയിലും അടക്കം വ്യോമാക്രമണ സാധ്യതയുണ്ട്. അതേസമയം കരിങ്കടലില്‍ റഷ്യന്‍ ഡ്രോണ്‍ വെടിവെച്ച് ഇട്ടതായി യുക്രൈന്‍ അവകാശപ്പെട്ടു. യുക്രൈനിലെ കാര്‍കീവീല്‍ സ്ഥിതി ഗുരുതരമാണെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

Exit mobile version