കിവ് : റഷ്യ യുദ്ധം കടുപ്പിക്കുമ്പോഴും രാജ്യം വിടാനുള്ള യുഎസ് നിര്‍ദേശം തള്ളി ഉക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കി. രക്ഷപെടാന്‍ സഹായിക്കാമെന്ന യുഎസ് വാഗ്ദാനത്തോട് ‘പടക്കോപ്പുകളാണ് തനിക്കിപ്പോള്‍ വേണ്ടതെന്നും യാത്രാസഹായമല്ലെന്നും’ സെലന്‍സ്‌കി പ്രതികരിച്ചതായാണ് റിപ്പോര്‍ട്ട്.
സെലന്‍സ്‌കിയെ സുരക്ഷിതമായി നാടുവിടാന്‍ സഹായിക്കാന്‍ ആവശ്യമായ നടപടികള്‍ യുഎസ് പൂര്‍ത്തീകരിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ യുദ്ധം നടക്കുന്നതിവിടെയാണെന്നും യാത്രാസഹായമാവശ്യമില്ലെന്നുമാണ് സെലന്‍സ്‌കി അറിയിച്ചിരിക്കുന്നത്.
താന്‍ എങ്ങോട്ടും ഒളിച്ചോടിയിട്ടില്ലെന്ന് കഴിഞ്ഞ ദിവസം വീഡിയോ സന്ദേശത്തിലൂടെ സെലന്‍സ്‌കി
വ്യക്തമാക്കിയിരുന്നു. താനടക്കം ഭരണത്തലവന്മാര്‍ എല്ലാവരും കിയവിലുണ്ടെന്നും നഗരം ആര്‍ക്കും വിട്ട് കൊടുക്കില്ലെന്നുമാണ് അദ്ദേഹം സന്ദേശത്തില്‍ അറിയിച്ചത്. യുക്രെയ്ന്‍ പൗരന്മാരെ അഭിസംബോധന ചെയ്തായിരുന്നു സന്ദേശം. സൈനികവേഷത്തില്‍ സെലന്‍സ്‌കി നില്‍ക്കുന്ന ചിത്രവും നേരത്തേ പുറത്തുവന്നിരുന്നു.