‘റഷ്യയുടേത് അധിനിവേശമായി കണക്കാക്കാനാവില്ല’ : പിന്തുണച്ച് ചൈന

ബെയ്ജിങ് : യുക്രെയ്‌നില്‍ റഷ്യ നടത്തുന്ന നീക്കങ്ങളെ അധിനിവേശം എന്ന് വിശേഷിപ്പിക്കാനാവില്ലെന്ന് ചൈന. ഇരുരാജ്യങ്ങളോടും സംയമനം പാലിക്കാന്‍ ആവശ്യപ്പെട്ട ചൈന റഷ്യയുടെ നടപടിയെ മുന്‍വിധിയോടെ നോക്കിക്കാണേണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

“റഷ്യയുടെ സൈനിക നീക്കത്തെ അധിനിവേശം എന്ന് വിശേഷിപ്പിക്കാന്‍ ആവില്ല. മുന്‍വിധി കലര്‍ന്ന പ്രയോഗമാണത്. എല്ലാ കക്ഷികളും സംയമനം പാലിക്കുകയാണ് വേണ്ടത്. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായി തുടരുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം.” ചൈനീസ് വിദേശകാര്യ വക്താവ് ഹുവാ ചുന്‍യിങ് പറഞ്ഞു.

യുക്രെയ്ന്‍ പ്രതിസന്ധി ആരംഭിച്ചത് മുതല്‍ റഷ്യയോട് ചായ്‌വ് കലര്‍ന്ന പ്രതികരണമാണ് ചൈനയുടെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ളത്. റഷ്യയ്‌ക്കെതിരായ പടിഞ്ഞാറന്‍ രാജ്യങ്ങളുടെ നീക്കത്തെ വിമര്‍ശിച്ച ചൈന അമേരിക്ക ഉള്‍പ്പടെയുള്ള ലോകരാജ്യങ്ങള്‍ എരിതീയില്‍ എണ്ണ ഒഴിക്കുകയാണെന്നും കുറ്റപ്പെടുത്തിയിരുന്നു.

സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് യുക്രെയ്‌നിലുള്ള പൗരന്മാര്‍ക്ക് ചൈനീസ് എംബസി നിര്‍ദേശം നല്‍കിയിട്ടുണ്ട്. അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ പുറത്തിറങ്ങരുതെന്നും ശാന്തത കൈവെടിയരുതെന്നും എംബസി ജനങ്ങളോട് ആവശ്യപ്പെട്ടു.

സംഘര്‍ഷാവസ്ഥ തുടരുന്നതിനാല്‍ യുക്രെയ്‌നില്‍ ജനങ്ങള്‍ പോളണ്ടിനോട് ചേര്‍ന്ന അതിര്‍ത്തി പ്രദേശങ്ങളിലേക്കും നാറ്റോ സഖ്യത്തിന്റെ സൈനിക താവളങ്ങളുള്ള മേഖലകളിലേക്കും രക്ഷപെടാനുള്ള പരക്കം പാച്ചിലിലാണ്‌. രാജ്യത്ത് മിക്കയിടങ്ങളിലും സ്ഥിതി രൂക്ഷമായിട്ടുണ്ട്. നിരവധി നഗരങ്ങളില്‍ ആക്രമണം ഉണ്ടായതോടെ രാജ്യത്ത് പട്ടാളനിയമം പ്രഖ്യാപിച്ചു.

Exit mobile version