ഹൂസ്റ്റൺ: അഞ്ചു വയസുകാരിയെ ബെൽറ്റു കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ മാതാവിന് 40 വർഷം തടവു ശിക്ഷ വിധിച്ചു. ഹാരിസ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി കിം ഓഗ് ഫെബ്രുവരി 17 വ്യാഴാഴ്ചയാണു ശിക്ഷാ വിധിച്ചത്. 2019 മാർച്ചിലായിരുന്നു കേസിനാസ്പദമായ സംഭവം. ആൻഡ്രിയ വെബ് (40) പൊലിസിനെ വിളിച്ചു തന്റെ മകൾ (സമാന്ത ബെൽ) അപ്പാർട്ട്മെന്റിന്റെ ബാൽക്കണിയിൽ നിന്നു താഴെ വീണു മരിച്ചുവെന്നാണ് അറിയിച്ചത്.
എന്നാൽ പോലീസ് എത്തി കുട്ടിയുടെ ശരീരം പരിശോധിച്ചപ്പോൾ ശരീരം മുഴുവൻ അടികൊണ്ടിട്ടുള്ള ആഴത്തിലുള്ള പാടുകൾ കണ്ടെത്തി. സംശയം തോന്നി പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ആൻഡ്രിയ തന്റെ ക്രൂരത വെളിപ്പെടുത്തിയത്. പൊലിസിന്റെ ചോദ്യം ചെയ്യലിൽ ആൻഡ്രിയ സംഭവിച്ചതെല്ലാം വിവരിച്ചു. കുട്ടിയെ തുടർച്ചയായി ബെൽറ്റ് ഉപയോഗിച്ചു അടിച്ച് ചുമരിനോടു ചേർത്തു മണിക്കൂറുകളോളം ഇരുത്തുകയും അവിടെ നിന്ന് അനങ്ങിയാൽ വീണ്ടും ക്രൂരമായി മർദിക്കുകയും ചെയ്തുവെന്ന് ഇവർ മൊഴി നൽകി.
കുട്ടി മരിച്ചതിനാൽ അറസ്റ്റ് ചെയ്യുമെന്നു പേടിച്ചാണു സത്യം മൂടിവെച്ചതെന്നും ഇവർ കൂട്ടിച്ചേർത്തു. കേസിൽ ആൻഡ്രിയായുടെ ആൺസുഹൃത്തും ഇതിൽ പ്രതിയായി ചേർക്കപ്പെട്ടിരുന്നു. ഇത് ഒരു ദിവസം കൊണ്ടല്ല ദീർഘനാൾ ഇങ്ങനെ പീഡിപ്പിച്ചതായി ഇരുവരും സമ്മതിച്ചു. ചെറിയ കുട്ടികൾ ഏറ്റവും കൂടുതൽ സംരക്ഷിക്കപ്പെടേണ്ടവരാണെന്നും കുട്ടികളോട് ഇത്രയും ക്രൂരമായി പെരുമാറാൻ മാതാപിതാക്കൾക്ക് എങ്ങനെ കഴിയുമെന്നും വിധി പ്രഖ്യാപിച്ച ജഡ്ജി ചോദിച്ചു. ഇപ്പോൾ ഇവർക്ക് നൽകിയ ശിക്ഷ മറ്റുള്ളവർക്ക് ഒരു പാഠമാകണമെന്നും ജഡ്ജി വിധി പ്രസ്താവിച്ച് പറഞ്ഞു.
Discussion about this post