ഇസ്താംബുൾ: കോവിഡ് ബാധിച്ച് ക്വാറന്റൈനിലിരുന്നത് 400 ദിവസങ്ങൾ! തുർക്കിയിലെ ഈ കോവിഡ് രോഗിയെ പോലെ ലോകത്ത് മറ്റൊരാളും ഉണ്ടാകിനിടയില്ല. ടെസ്റ്റ് ചെയ്ത 78 തവണയും കോവിഡ് പോസിറ്റീവായ തുർക്കിഷ് പൗരൻ മുസഫർ കെയസൻ ലോകത്തെ തന്നെ അമ്പരപ്പിച്ചിരിക്കുകയാണ്.
കോവിഡ് ബാധിച്ചത് മൂലം പതിനാല് മാസമാണ് ഇദ്ദേഹത്തിന് ക്വാറന്റൈനിൽ കഴിയേണ്ടി വന്നത്. ഈ കാലയളവ് താണ്ടിയതു ഒട്ടും എളുപ്പമായല്ലെന്ന് ഇദ്ദേഹം അടിവരയിട്ട് പറയുന്നു. കോവിഡ് വൈറസ് തന്നോട് ചെയ്ത ഏറ്റവും വേദനാജനകമായ കാര്യം തന്റെ സാമൂഹിക ജീവിതം അവസാനിപ്പിച്ചതായിരുന്നു എന്ന് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
കോവിഡ് പിടിപ്പെട്ട കഴിഞ്ഞ 400 ദിവസങ്ങൾ തികച്ചും ഒറ്റപ്പെടലിന്റെയും വേദനകളുടേതുമായിരുന്നു. പ്രിയപ്പെട്ടവരെ ഒന്ന് അടുത്ത് കാണുവാനോ തൊടുവാനോ സാധിക്കാതെ 14 മാസങ്ങൾ തള്ളി നീക്കേണ്ടി വന്നു. കടുത്ത മാനസിക സംഘർഷത്തിലേക്ക് വരെ ഇദ്ദേഹം വീണു പോയി. ഭാര്യയെയും മക്കളെയും പേരക്കുട്ടികളെയും കണ്ടത് ഒരു ജനലിലൂടെ മാത്രമായിരുന്നു.
രക്താർബുദ രോഗിയായ കെയസന് 2020 നവംബറിലാണ് ആദ്യമായി കോവിഡ്-19 ബാധിച്ചത്. ലക്ഷണങ്ങൾ കുറവായിരുന്നെങ്കിലും രോഗബാധിതനായതിനാൽ പ്രതിരോധ ശേഷി കുറവായിരുന്നു. എന്നാൽ കെയസനോടൊപ്പം താമസിച്ച ഭാര്യയ്ക്കും മകനും രോഗം പിടിപ്പെട്ടില്ല. നിലവിൽ കെയസൻ രോഗ മുക്തനായിട്ടുണ്ട്. എന്നാൽ ശരീരത്തിൽ കോവിഡ് വന്നതിന്റെ എല്ലാ ശാരീരിക പ്രശ്നങ്ങളും അനുഭവിക്കുന്നുണ്ടെന്ന് കെയസൻ.
Discussion about this post