ടോക്യോ: അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ന്നു വന്ന എതിര്‍പ്പിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച തിമിംഗല വേട്ട പുനരാരംഭിക്കാന്‍ ഒരുങ്ങി ജപ്പാന്‍. ഇതേ തുടര്‍ന്ന് അന്താരാഷ്ട്ര തിമിംഗല വേട്ട കമ്മീഷനില്‍നിന്ന് ജപ്പാന്‍ പിന്‍മാറി. അടുത്ത വര്‍ഷം മുതല്‍ തിമിംഗല വേട്ട വീണ്ടും ആരംഭിക്കുമെന്നാണ് ജപ്പാന്‍ വ്യക്തമാക്കിയിരിക്കുന്നത്. ലോക വ്യാപകമായി കടുത്ത എതിര്‍പ്പുകള്‍ നേടിട്ടതിനെ തുടര്‍ന്നാണ് ജപ്പാന്‍ മുന്‍പ് തിമിംഗല വേട്ട നിര്‍ത്തിവെച്ചത്.
അതേ സമയം, ജപ്പാന്റെ അധികാരപരിധിയില്‍ വരുന്ന സമുദ്രഭാഗത്തു മാത്രമാണ് തിമിംഗല വേട്ട നടത്തുകയെന്നും അന്റാര്‍ട്ടിക് മേഖലയില്‍ വേട്ട നടത്തില്ലെന്നും ജപ്പാന്റെ ഔദ്യോഗിക വക്താവ് യോഷിഹൈദ് സുഗ വ്യക്തമാക്കി. പാരമ്പര്യമായി തുടരുന്ന തിമിംഗല വേട്ട അനുവദിക്കണമെന്ന ആവശ്യം അന്താരാഷ്ട്ര തിമിംഗല വേട്ട കമ്മീഷന്‍ തള്ളിയതിനെ തുടര്‍ന്നാണ് ജപ്പാന്‍ കമ്മീഷനില്‍നിന്ന് പിന്‍മാറിയത്. തുടര്‍ന്നാണ് തിമിംഗല വേട്ട പുനരാരംഭിക്കുമെന്ന് ജപ്പാന്‍ പ്രഖ്യാപിച്ചത്.
ശാസ്ത്രീയ പരീക്ഷണങ്ങള്‍ക്ക് വേണ്ടിയാണ് തങ്ങള്‍ തിമിംഗല വേട്ട നടത്തുന്നതെന്നാണ് ജപ്പാന്റെ നിലപാട്. എന്നാല്‍ ജപ്പാന്‍ വന്‍തോതില്‍ തിമിംഗലങ്ങളെ കൊന്നൊടുക്കുകയും ഇവയുടെ മാംസം മാര്‍ക്കറ്റിലെത്തിക്കുകയും ചെയ്യുന്നത് ലോക വ്യാപകമായി എതിര്‍പ്പുകള്‍ക്കിടയാക്കിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് അന്താരാഷ്ട്ര തിമിംഗല വേട്ട കമ്മീഷനും രംഗത്തെത്തിയത്.
ഓസ്ട്രേലിയ, അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍ എന്നിവയെല്ലാം തിമിംഗല വേട്ടയ്‌ക്കെതിരായി ശക്തമായ നിലപാടാണ് സ്വീകരിച്ചുവരുന്നത്. തിമിംഗല വേട്ട നിരോധിക്കുന്നതിനായി ലോക രാജ്യങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ച തിമിംഗല വേട്ട കമ്മീഷന്‍ ശാസ്ത്രീയ പരീക്ഷണങ്ങളുടെ ഭാഗമായി തിമിംഗലങ്ങളെ വേട്ടയാടാനായി അനുമതി നല്‍കാറുണ്ട്. ഈ അവസരം ദുരുപയോഗം ചെയ്താണ് ജപ്പാന്‍ വന്‍ തോതില്‍ തിമിംഗല വേട്ട നടത്തിയിരുന്നത്. ഇപ്പോള്‍ കമ്മീഷനില്‍നിന്ന് പിന്‍മാറുന്നതോടെ ഈ വ്യവസ്ഥ ലംഘിച്ച് വന്‍തോതില്‍ തിമിംഗലങ്ങളെ വേട്ടയാടാനാണ് ജപ്പാന്റെ ലക്ഷ്യം.
Discussion about this post