കോവിഡ് പ്രതിരോധത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഒരു വിഭാഗമാണ് മാസ്‌ക്. എങ്കിലും വര്‍ഷം മൂന്നായിട്ടും പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് വെക്കണമല്ലോ എന്ന സമീപനത്തില്‍ നിന്നും ഭൂരിഭാഗം ആളുകളും ഇതുവരെ മാറിയിട്ടില്ല എന്നതാണ് സത്യം. പുറത്തിറങ്ങി ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനുമൊക്കെയുള്ള അവസരങ്ങള്‍ വരുമ്പോള്‍ ശരിക്കും ഈ മാസ്‌ക് വേണ്ടാതിരുന്നിരുന്നെങ്കിലെന്ന് എത്ര തവണ നാം ആഗ്രഹിക്കാറുണ്ട്.
എന്നാല്‍ ഇത്തരം അവസരങ്ങളില്‍ പോലും ബുദ്ധിമുട്ടുണ്ടാക്കാത്ത, എന്നാല്‍ കോവിഡിനെതിരെ ഫലപ്രദമാണ് എന്ന് അവകാശപ്പെടുന്ന ഒരു മാസ്‌കാണ് ദക്ഷിണ കൊറിയ പുതുതായി പുറത്തിറക്കിയിരിക്കുന്ന കോസ്‌ക്. മൂക്ക് മാത്രം മറയുന്ന തരത്തില്‍ മടക്കി വയ്ക്കാം എന്നതാണ് ഇവയുടെ പ്രത്യേകത. അതുകൊണ്ട് തന്നെ ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനുമൊന്നും ഒരു കുഴപ്പവുമില്ല.
진짜로 나와버린 코스크 pic.twitter.com/p58WrYGFLe
— 무슨 일이 일어나고 있나요? (@museun_happen) January 29, 2022
വായയും മൂക്കും മൂടുന്ന സാധാരണ മാസ്‌കുകളുടേതുപോലെ തന്നെയാണ് ഇവയുടെ നിര്‍മാണവും. കഴിക്കുമ്പോള്‍ മൂക്ക് മാത്രം മൂടുന്ന രീതിയില്‍ ഇവ ധരിക്കാം. ഭക്ഷണം കഴിക്കുമ്പോഴും ശ്വസനത്തിലൂടെ അന്തരീക്ഷത്തില്‍ നിന്ന് വൈറസ് പടരുന്നത് തടയുകയാണ് പുതിയ മാസ്‌ക് വഴി ലക്ഷ്യമിടുന്നതെന്നാണ് ദക്ഷിണ കൊറിയന്‍ ആരോഗ്യ വൃത്തങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.
ദക്ഷിണ കൊറിയന്‍ കമ്പനിയായ അറ്റ്മാന്‍ ആണ് കോസ്‌ക് ഡിസൈന്‍ ചെയ്തിരിക്കുന്നത്. അമേരിക്കന്‍-ദക്ഷിണ കൊറിയന്‍ ഇ-കൊമേഴ്‌സ് കമ്പനിയായ കൂപാങ് വഴി ഇവ വിപണിയിലുമെത്തിയിട്ടുണ്ട്. പത്ത് കോസ്‌ക് അടങ്ങുന്ന പായ്ക്കിന് 11.42 ഡോളറാണ് വില, അതായത് ഏകദേശം 855 രൂപ.
സമൂഹമാധ്യമങ്ങളില്‍ വൈറലായ കോസ്‌കിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.ബുദ്ധിശൂന്യമായ നീക്കം എന്നാണ് ഭൂരിഭാഗം ആളുകളുടെയും അഭിപ്രായം. മൂക്ക് മൂടാതെ മാസ്‌ക് ധരിക്കുന്നത് പോലെ തന്നെയാണ് വായ മൂടാത്ത മാസ്‌ക് എന്നും ചോക്കലേറ്റ് കൊണ്ട് ചായക്കപ്പുകള്‍ ഉണ്ടാക്കുന്ന സമീപനമാണിതെന്നുമൊക്കെയാണ് സോഷ്യല്‍ മീഡിയയിലെ വാദപ്രതിവാദങ്ങള്‍ .ഒന്നുമില്ലാത്തതിനേക്കാള്‍ നല്ലതല്ലേ എന്തെങ്കിലുമൊക്കെ എന്നു ചോദിക്കുന്നവരും കുറവല്ല.
വിചിത്രമായ ഐഡിയയാണ് ദക്ഷിണ കൊറിയ പുറത്തിറക്കിയിരിക്കുന്നതെന്നും മൂക്ക് മൂടിയാലും വായിലൂടെയാണെങ്കിലും വൈറസിന് ശരീരത്തില്‍ പ്രവേശിക്കാം എന്നതൊരു വസ്തുതയാണെന്നും ഡീക്കിന്‍ യൂണിവേഴ്‌സിറ്റിയിലെ എപിഡീമിയോളജി വിദഗ്ധ കാതറിന്‍ ബെന്നറ്റ് അഭിപ്രായപ്പെട്ടു.