ബോംബ് സൈക്ലോണ്‍ : തണുത്തുവിറച്ച് അമേരിക്ക, അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് അഞ്ചോളം സംസ്ഥാനങ്ങള്‍

ബോസ്റ്റണ്‍ : കനത്ത ശീതക്കൊടുങ്കാറ്റില്‍ തണുത്തുവിറച്ച് അമേരിക്ക. ശൈത്യത്തെത്തുടര്‍ന്ന് ന്യൂയോര്‍ക്ക്, ന്യൂ ജഴ്‌സി, വിര്‍ജീനിയ, മേരിലാന്‍ഡ്, മെലാവെയര്‍ എന്നീ സംസ്ഥാനങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

അന്തരീക്ഷ മര്‍ദത്തില്‍ ദ്രുതഗതിയില്‍ കാര്യമായ വ്യതിയാനം വരുത്തുന്ന ബോംബ് സൈക്ലോണ്‍ എന്നറിയപ്പെടുന്ന അപകടകരമായ കൊടുങ്കാറ്റാണ് രാജ്യത്ത് ആഞ്ഞടിക്കുന്നതെന്നാണ് വിദഗ്ധാഭിപ്രായം. യുഎസിന്റെ കിഴക്കന്‍ മേഖലയിലാണ് കൊടുങ്കാറ്റ് പ്രധാനമായും ആഞ്ഞടിക്കുന്നത്. ഇവിടെ ഗതാഗതം പാടെ തകര്‍ന്നു. ഏഴ് കോടിയിലധികം ആളുകളെ അതിശൈത്യം ബാധിച്ചിട്ടുണ്ടെന്നാണ് വിവരം. ന്യൂയോര്‍ക്ക്, ബോസ്റ്റണ്‍ തുടങ്ങിയ പ്രധാന നഗരങ്ങളിലും കൊടുങ്കാറ്റ് ആഞ്ഞടിക്കുകയാണ്.

മസാച്ചുസെറ്റ്‌സില്‍ ഒരു ലക്ഷത്തിലധികം ഉപഭോക്താക്കളുടെ വൈദ്യുതി മുടങ്ങി. ഇവിടെ മണിക്കൂറില്‍ 134 കിലോമീറ്ററോളം വേഗത്തിലാണ് കാറ്റ് വീശുന്നത്. വടക്കു കിഴക്കന്‍ തീരത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും മഞ്ഞുവീഴ്ച 12 ഇഞ്ചും മസാച്ചുസെറ്റ്‌സില്‍ 30 ഇഞ്ചും രേഖപ്പെടുത്തി. ലോംഗ് ഐലന്‍ഡിന്റെ ചില ഭാഗങ്ങളില്‍ മഞ്ഞു വീഴ്ച രണ്ടടി കവിഞ്ഞു. ഇവിടെ കാറിനുള്ളില്‍ ഒരു സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. കനത്ത മഞ്ഞുവീഴ്ചയില്‍ പുറത്തിറങ്ങാനാവാതെ കാറിനുള്ളില്‍ പെട്ട് പോയതാകാമെന്നാണ് നിഗമനം.

ശീതതരംഗത്തിന്റെ തീവ്രത ഫ്‌ളോറിഡ വരെ വ്യാപിച്ചിട്ടുണ്ട്. ഇവിടെ ഇഗ്വാന എന്നറിയപ്പെടുന്ന പല്ലിവര്‍ഗത്തില്‍പ്പെട്ട ജീവികളുടെ നാശത്തിനും സംഭവം വഴിവച്ചു. ശൈത്യത്തെത്തുടര്‍ന്ന് കിഴക്കന്‍ യുഎസിലേക്കുള്ള 4500 വിമാനസര്‍വീസുകള്‍ മരവിപ്പിച്ചിട്ടുണ്ട്. കിഴക്കന്‍ മേഖലയിലുള്ള എല്ലാവരോടും അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്ന് സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ന്യൂ ഇംഗ്ലണ്ടില്‍ വരും ദിവസങ്ങളില്‍ ഇനിയും കനത്ത ഹിമപാതം ഉണ്ടായേക്കുമെന്നാണ് മുന്നറിയിപ്പ്.

മഞ്ഞു നീക്കുന്നതിനുള്ള വലിയ മെഷീനുകള്‍ ഘടിപ്പിച്ച വാഹനങ്ങള്‍ നിരങ്ങി നീങ്ങുന്ന കാഴ്ചയാണ് ന്യൂയോര്‍ക്ക് സിറ്റിയില്‍ അധികവും. സെന്‍ട്രല്‍ പാര്‍ക്കില്‍ 7.5 ഇഞ്ച് കനത്തിലാണ് മഞ്ഞുവീഴ്ചയുണ്ടായിരിക്കുന്നത്.

Exit mobile version