വാഷിങ്ടൺ: ഇരട്ടക്കൊലപാതകത്തിൽ പ്രതിയായ യുവാവിന്റെ വധശിക്ഷ നടപ്പാക്കി യുഎസ്എ. ഈ വർഷത്തെ ആദ്യത്തെ വധശിക്ഷയാണ് നടപ്പിലാക്കിയത്. 21 വർഷം മുൻപ് നടന്ന ഒരു ഇരട്ടക്കൊലപാതകത്തിലാണ് പ്രതിയായ ഡൊണാൾഡ് ഗ്രാന്റിനെ വധശിക്ഷയ്ക്ക് വിധിച്ചത്. 2001ൽ ഡൊണാൾഡിന് 25 വയസ്സ് പ്രായമുള്ളപ്പോഴാണ് മോഷണ ശ്രമത്തിനിടെ രണ്ട് ഹോട്ടൽ ജീവനക്കാരെ കൊലപ്പെടുത്തിയത്.
also read- ഓർഡർ ചെയ്ത ഫോൺ ലഭിക്കാൻ കസ്റ്റമർ കെയറിലേക്ക് വിളിച്ചു; യുവാവിന് നഷ്ടമായത് 75000 രൂപ!
അന്ന് ജയിലിൽ കഴിയുകയായിരുന്ന തന്റെ കാമുകിയെ ജാമ്യത്തിലിറക്കാനായി പണം കണ്ടെത്താനായാണ് ഇയാൾ മോഷണം നടത്തിയത്. മോഷണത്തിനിടെ രണ്ട് ഹോട്ടൽ ജീവനക്കാർക്ക് നേരെ പ്രതി വെടിയുതിർക്കുകയായിരുന്നു. ഒരാൾ തൽക്ഷണം മരിച്ചു. മറ്റൊരാളെ കത്തി കൊണ്ട് കുത്തി മരണം ഉറപ്പാക്കുകയുമായിരുന്നു പ്രതി ചെയ്തത്.
അതേവർഷം തന്നെ അറസ്റ്റിലാവുകയും വിചാരണയ്ക്കൊടുവിൽ കോടതി ഡൊണാൾഡിനെ വധശിക്ഷയ്ക്ക് കോടതി വിധിക്കുകയും ചെയ്തിരുന്നു. വിധി മറികടക്കാൻ പല തവണ പ്രതി അപ്പീൽ നൽകിയതോടെയാണ് വധശിക്ഷ നടപ്പാക്കുന്നത് നീണ്ടുപോയത്. ഒടുവിൽ വിഷം കുത്തിവെച്ച് ഡൊണാൾഡിനെ വധശിക്ഷയ്ക്ക് വിധേയനാക്കുകയായിരുന്നു.
ബുധനാഴ്ച ഡൊണാൾഡിന്റെ അപ്പീൽ യുഎസ് സുപ്രീം കോടതിയും തള്ളിയിരുന്നു. അമേരിക്കയുടെ നയം പ്രകാരം നടപ്പിലാക്കിവരുന്ന വധശിക്ഷയുടെ എണ്ണം കുറഞ്ഞ് വരികയാണ്. രാജ്യത്തെ 23 സംസ്ഥാനങ്ങളിൽ നിലവിൽ വധശിക്ഷ നിരോധിച്ചിട്ടുമുണ്ട്.