കാബൂള്‍ : അഫ്ഗാനിസ്ഥാനില്‍ സ്ത്രീകളുടെയും കുട്ടികളുടെയും മൗലികാവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്ന് താലിബാനോട് യുഎന്‍. രാജ്യത്ത് നിലവില്‍ ഭക്ഷണത്തിന് വേണ്ടി കുട്ടികളെ വരെ വില്‍ക്കേണ്ട സ്ഥിതിയാണുള്ളതെന്നും അഫ്ഗാന് നല്കി വന്നിരുന്ന സാമ്പത്തിക സഹായം പുനസ്ഥാപിക്കണമെന്നും യുഎന്‍ അന്താരാഷ്ട്ര സമൂഹത്തോടും ആവശ്യപ്പെട്ടു.
“നൂലിലാടുകയാണ് അഫ്ഗാനിസ്ഥാന്. ദരിദ്രരായ ദശലക്ഷക്കണക്കിന് മനുഷ്യര്‍ ദയനീയമായ മാനുഷിക സാഹചര്യങ്ങള്‍ക്കിടയില്‍ അതിജീവിക്കാന്‍ കഷ്ടപ്പെടുകയാണ്. അതിഭീകരമായ പട്ടിണിയാണ് രാജ്യത്ത്. ഭക്ഷണം വാങ്ങുന്നതിന് ചില കുടുംബങ്ങള്‍ കുട്ടികളെ വരെ വില്‍ക്കുന്നതടക്കമുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്.” യുഎന്‍ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടെറസ് ചൂണ്ടിക്കാട്ടി.
“മറ്റ് ലോകരാജ്യങ്ങളുടെ വിശ്വാസ്യതയും ദയയും നേടിയെടുക്കാനും ഓരോ പെണ്‍കുട്ടിയുടെയും സ്ത്രീയുടെയും അടിസ്ഥാന മൗലികാവകാശങ്ങള്‍ ഉയര്‍പ്പിടിക്കാനും താലിബാനോടാവശ്യപ്പെടുകയാണ്. അഫ്ഗാനിലെ ജനങ്ങളെ പിന്തുണയ്ക്കുന്നതിനായി അന്താരാഷ്ട്ര സമൂഹത്തോട് അപേക്ഷിക്കുകയാണ്. ലോകബാങ്കും യുഎസ് സര്‍ക്കാരും മരവിപ്പിച്ച സഹായധനം പുനസ്ഥാപിച്ച് നല്‍കണം.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുടുംബത്തിലേക്ക് ഭക്ഷ്യവസ്തുക്കള്‍ വാങ്ങുന്നതിന് അഫ്ഗാനിലെ ഒരു സ്ത്രീ തന്റെ രണ്ട് പെണ്‍കുട്ടികളെയും വൃക്കയും വിറ്റതായി ചൈനയുടെ യുഎന്‍ അംബാസഡര്‍ ഷാങ് ജുന് പറഞ്ഞു. മനുഷ്യദുരന്തം എന്നാണ് സംഭവത്തെ അദ്ദേഹം വിശേഷിപ്പിച്ചത്.
അഫ്ഗാന് അടിയന്തരമായി 4 ബില്യണ്‍ യുഎസ് ഡോളറിന്റെ സാമ്പത്തിക സഹായം ആവശ്യമുണ്ടെന്ന് ഈ മാസമാദ്യം യുഎന്‍ അറിയിച്ചിരുന്നു. ഇത് കൂടാതെ ആരോഗ്യമേഖലയിലും വിദ്യാഭ്യാസമേഖലയിലും അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനും പ്രത്യേകിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും ആവശ്യങ്ങള്‍ക്കുമായി 3 ബില്യണ്‍ ഡോളറിന്റെ അധിക സഹായം ആവശ്യമുണ്ടെന്നാണ് സംഘടന ചൂണ്ടിക്കാട്ടുന്നത്.
Discussion about this post