ഒമിക്രോണിന് ശേഷം യൂറോപ്പില്‍ കോവിഡിന് അവസാനമാകുമെന്ന് ലോകാരോഗ്യ സംഘടന

ജനീവ : ഒമിക്രോണിന് ശേഷം യൂറോപ്പില്‍ കോവിഡ് മഹാമാരിക്ക് അവസാനമാകുമെന്ന് ലോകാരോഗ്യ സംഘടന. മാര്‍ച്ചോടെ യൂറോപ്പിലെ അറുപത് ശതമാനം ആളുകളെയും കോവിഡ് ബാധിക്കുമെന്നും ഇത് കഴിഞ്ഞാല്‍ മഹാമാരിയുടെ കാലം അവസാനിക്കുമെന്നാണ് കരുതുന്നതെന്നും ഡബ്ല്യൂഎച്ച്ഒയുടെ യൂറോപ്പ് ഹെഡ് ഹാന്‍സ് ക്ലൂഗ് പറഞ്ഞു.

“വാക്‌സീനെടുത്തവരില്‍ ഒമിക്രോണ്‍ ഡെല്‍റ്റയേക്കാള്‍ അപകടകാരിയല്ലെന്നത് ശുഭപ്രതീക്ഷ നല്‍കുന്ന കാര്യമാണ്. അതുകൊണ്ട് തന്നെ മഹാമാരി എന്നതില്‍ നിന്ന് വൈറല്‍ പനിയുടെ മാത്രം തീവ്രതയിലേക്ക് കോവിഡ് മാറിയേക്കുമെന്ന് വിശ്വാസമുണ്ട്. ഒമിക്രോണ്‍ തരംഗം അവസാനിച്ച് കഴിഞ്ഞാല്‍ കുറച്ച് ആഴ്ചകളും മാസങ്ങളും പ്രതിരോധശേഷി ഉണ്ടായിരിക്കും. ഒന്നുകില്‍ വാക്‌സീന്‍ എടുത്തത് കൊണ്ട് അല്ലെങ്കില്‍ രോഗബാധ മൂലം. ഈ വര്‍ഷം അവസാനത്തോടെ കോവിഡ് തിരിച്ചു വരുന്നതിന് മുമ്പ് ഒരു ശാന്തകാലം ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷ. ഒരു പക്ഷേ കോവിഡ് തിരിച്ചു വരണമെന്നും ഇല്ല. ഈ വൈറസ് ഒരുപാട് തവണ നമ്മെ ഞെട്ടിച്ചിട്ടുണ്ട്. അതുകൊണ്ട് കരുതിയിരിക്കണം. മഹാമാരിയെക്കുറിച്ചും ഭാവിയെക്കുറിച്ചുമൊക്കെയുള്ള ചര്‍ച്ചകള്‍ നടന്നു കൊണ്ടേയിരിക്കുകയാണ്. ” അദ്ദേഹം പറഞ്ഞു.

ലോകാരോഗ്യ സംഘടനയുടെ യൂറോപ്യന്‍ മേഖലയില്‍ 53 രാജ്യങ്ങളാണുള്ളത്. ജനുവരി 18ലെ കണക്കനുസരിച്ച് ഇവിടെ മിക്കയിടത്തും റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകളില്‍ 15 ശതമാനവും ഒമിക്രോണ്‍ വകഭേദമാണ്.

Exit mobile version