വെല്ലിംഗ്ടൺ: ലോകം വീണ്ടും കൊവിഡ് മഹാമാരിയുടെ പിടിയിലകപ്പെട്ട് കിടക്കുകയാണ്. മൂന്നാം തരംഗം ഒന്നാകെ അലയടിക്കുമ്പോൾ തന്റെ വിവാഹ ചടങ്ങ് മാറ്റിവെച്ചിരിക്കുകയാണ് ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്ത ആർഡൻ. കൊവിഡ് വ്യാപനത്തെത്തുടർന്ന് രാജ്യത്തെ നിയന്ത്രണങ്ങൾ കർശനമാക്കിയതോടെയാണ് അടുത്തയാഴ്ച നടക്കാനിരുന്ന വിവാഹം മാറ്റിവെച്ചത്.
ന്യൂസിലാൻറിലെ സാധാരണക്കാരും താനും തമ്മിൽ ഒരു വ്യത്യാസവുമില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു ജസീന്തയുടെ തീരുമാനം. കൊവിഡ് നിയന്ത്രണങ്ങൾ കാരണം തങ്ങളുടെ ജീവിതത്തിലെ പ്രധാന ചടങ്ങുകൾ പലതും മാറ്റിവക്കേണ്ടി വന്ന പലരേയും തനിക്കറിയാം. എല്ലാവരോടും താൻ ക്ഷമാപണം നടത്തുന്നു. തന്റെ വിവാഹച്ചടങ്ങും മാറ്റിവയ്ക്കുകയാണെന്നും അവർ അറിയിച്ചു.
ജസീന്തയുടെ തീരുമാനത്തിന് നിറകൈയ്യടികളാണ് ലഭിക്കുന്നത്. ടെലിവിഷൻ അവതാരകനായ ക്ലാർക്ക് ഗേഫോഡാണ് ജസീന്തയുടെ പങ്കാളി. ഒരു പരിപാടിക്കിടെയാണ് ഗേഫോഡിനെ ജസീന്ത കാണുന്നതും പരിചയപ്പെടുന്നതും. തുടർന്ന് ഇരുവരും പ്രണയത്തിലായി. ഇരുവർക്കും മൂന്നു വയസ്സുകാരിയായ ഒരു മകളുമുണ്ട്.
Discussion about this post