ലണ്ടന്‍ : ഉച്ചത്തില്‍ സംസാരിക്കുന്നതിന് സര്‍വകലാശാലയില്‍ നിന്ന് പുറത്താക്കപ്പെട്ട അധ്യാപികയ്ക്ക് ഒരു കോടി നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി. യുകെയിലെ എക്‌സിറ്റര്‍ സര്‍വകലാശാലയിലെ അധ്യാപിക ഡോ.അന്നറ്റിനാണ് അപൂര്‍വമായ കേസില്‍ അനുകൂല വിധി വന്നിരിക്കുന്നത്.
ഉച്ചത്തിലുള്ള ശബ്ദം കാരണം തന്റെ മുപ്പത് വര്‍ഷത്തെ അനുഭവസമ്പത്ത് പോലും കണക്കാക്കാതെ സര്‍വകലാശാല പിരിച്ചുവിടുകയായിരുന്നുവെന്നാണ് അന്നറ്റ് പറയുന്നത്. യൂറോപ്യന്‍ ജൂയിഷ് പശ്ചാത്തലത്തില്‍ നിന്ന് വരുന്ന തനിക്ക് കുട്ടിക്കാലം മുതലേ ഉച്ചത്തിലുള്ള ശബ്ദമാണെന്നും തന്റെ ശബ്ദം ഉച്ചത്തിലായതിനൊപ്പം താനൊരു സ്ത്രീ ആയതിനാലുമാണ് പ്രസ്തുത നടപടി എന്നും അന്നറ്റ് ആരോപിച്ചു.
താന്‍ സംസാരിക്കുമ്പോള്‍ ഉച്ചത്തിലാണോ എന്ന് തിരിച്ചറിയാന്‍ കഴിയാറില്ലെന്നും കുടുംബ പശ്ചാത്തലത്തില്‍ നിന്നാവാം അപ്രകാരം ആയതെന്നും എന്നാല്‍ താന്‍ എങ്ങനെ പെരുമാറണമെന്ന് സര്‍കലാശാലയ്ക്ക് തീരുമാനിക്കാനാവില്ലെന്നും അവര്‍ പറഞ്ഞു.സര്‍വകലാശാല പക്ഷപാതമായി പെരുമാറിയെന്നും നടപടി മൂലം സര്‍വകലാശാലയിലെ ഫിസിക്‌സ് വിഭാഗം അധ്യാപികയായിരുന്ന തനിക്കുണ്ടായ മാനസികസമ്മര്‍ദം നേരിടാന്‍ വൈദ്യചികിത്സ ആവശ്യമാണെന്നും പറഞ്ഞാണ് അന്നറ്റ് കോടതിയെ സമീപിച്ചത്.
അന്നറ്റിന്റെ പരാതി കേട്ട എംപ്ലോയ്‌മെന്റ് ട്രൈബ്യൂണല്‍ പിരിച്ചുവിടല്‍ നീതിരഹിതമാണെന്ന് കണ്ടെത്തുകയും സര്‍വകലാശാല അന്നറ്റിന് 100000 പൗണ്ട് അഥവാ ഒരു കോടിയില്‍ പരം രൂപ പിഴയൊടുക്കണമെന്ന് ഉത്തരവിടുകയും ചെയ്തു. എന്നാല്‍ ഉത്തരവില്‍ കൃത്യതയില്ലെന്ന് ചൂണ്ടിക്കാട്ടിയ സര്‍വകലാശാല അപ്പീല്‍ പോകുമെന്ന് അറിയിച്ചിട്ടുണ്ട്. ശബ്ദം കാരണമല്ല, മറിച്ച് രണ്ട് പിഎച്ച്ഡി വിദ്യാര്‍ഥികളോട് ഇടപെട്ട രീതിയുടെ പശ്ചാത്തലത്തിലാണ് അനറ്റിനെ പിരിച്ചുവിട്ടതെന്നാണ് സര്‍കലാശാലയുടെ വിശദീകരണം. അനറ്റിന്റെ മറ്റ് പശ്ചാത്തലത്തിനോ ജെന്‍ഡറിനോ ഇക്കാര്യത്തില്‍ പങ്കില്ലെന്നും സര്‍വകലാശാല വ്യക്തമാക്കിയിരുന്നു.