സിംഗപ്പൂർ: അപൂർവ്വമായ ന്യൂറോ മസ്‌കുലാർ രോഗം ബാധിച്ച് ചലനശേഷി നഷ്ടപ്പെട്ട ഇന്ത്യൻ വംശജനായ രണ്ടുവയസുകാരൻ ദേവ്ദാൻ ദേവരാജിന് വേണ്ടി കൈകോർത്ത് സിംഗപ്പൂർ ജനത. കുട്ടിക്ക് ചലനശേഷി തിരിച്ചു കിട്ടണമെങ്കിൽ 16 കോടി രൂപയാണ് വേണ്ടത്. ഈ തുകയ്ക്ക് വേണ്ടിയാണ് സിംഗപ്പൂർ ജനത ഒന്നിച്ചത്. കുട്ടിയുടെ ചികിത്സയ്ക്കായി ക്രൗഡ് ഫണ്ടിങ്ങിലൂടെ ഏകദേശം 30 ലക്ഷത്തോളം സിംഗപ്പൂർ ഡോളറാണ് (16.68 കോടി രൂപ) ധനസഹായമായി ലഭിച്ചത്.
ഇന്ത്യൻ വംശജനായ ദേവ് ദേവ്രാജിന്റെയും ചൈനീസ് വംശജയായ ഷു വെൻ ദേവ്രാജിന്റെയും ഏക മകനാണ് ദേവ്ദാൻ. ഒരു വയസ് പ്രായമുള്ളപ്പോയാണ് കുട്ടിക്ക് പേശികളുടെ ബലഹീനതയ്ക്ക് കാരണമാകുന്ന സ്‌പൈനൽ മസ്‌കുലാർ അട്രോഫി രോഗം ബാധിച്ചത്. ചികിത്സ നൽകിയില്ലെങ്കിൽ കാലക്രമേണ ചലനശേഷി പൂർണമായും നഷ്ടപ്പെടുന്ന ഗുരുതരമായ രോഗം കൂടിയാണിത്.
ഇതോടെയാണ് കുട്ടിക്ക് 16 കോടി വിലവരുന്ന സോൾജൻസ്മ ജീൻ തൊറാപ്പി മരുന്ന് നൽകാൻ ഡോക്ടർമാർ തീരുമാനിച്ചത്. എന്നാൽ ഈ തുക കണ്ടെത്താൻ കുടുംബത്തിന് കഴിയുമായിരുന്നില്ല. പിന്നാലെയാണ് സിംഗപ്പൂർ ജനത ഒന്നടങ്കം സഹായവുമായി രംഗത്തെത്തിയത്. പത്ത് ദിവസത്തിനകമാണ് കുട്ടിയുടെ ചികിത്സയ്ക്കായി ഇത്രയധികം തുക സമാഹരിച്ചത്. ക്രൗണ്ട് ഫണ്ടിങ്ങിലൂടെ 30,000ത്തോളം പേരാണ് ചികിത്സാ സഹായം നൽകിയത്.
മരുന്നിന് ആവശ്യമായ തുക ലഭിച്ചതിന് പിന്നാലെ 2021 സെപ്തംബറിലാണ് നാഷണൽ യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ ദേവദാന്റെ ചികിത്സ ആരംഭിച്ചത്. ‘ഒരുവർഷം മുമ്പ് കുഞ്ഞിന് നടക്കാനാകുമെന്ന് ഞങ്ങൾക്ക് ചിന്തിക്കാൻ പോലും കഴിഞ്ഞിരുന്നില്ല. ഏഴുന്നേറ്റ് നിൽക്കാൻ പോലും അവന് സാധിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ അവൻ നടക്കുന്നതും സൈക്കിൾ ഓടിക്കുന്നതും ഞങ്ങൾക്ക് ഒരു അത്ഭുതമാണ്’ കുട്ടിയുടെ മാതാവ് സന്തോഷത്തോടെ പറഞ്ഞു. ചികിത്സയ്ക്കായി പണം നൽകിയ എല്ലാവരോടും ഏറെ കടപ്പാടുണ്ടെന്നും കുടുംബം കൂട്ടിച്ചേർത്തു.